antarctica

വെല്ലിംഗ്‌ടൺ : അന്റാർട്ടിക്കയിൽ കൊവിഡ് കടന്നു കൂടാതിരിക്കാൻ മുൻകരുതലുമായി ന്യൂസിലാൻഡ്. അന്റാർട്ടിക്കയിലെ വരാൻ പോകുന്ന സീസണിലേക്ക് നിശ്ചയിച്ച തങ്ങളുടെ ഗവേഷണ പരിപാടികളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് ന്യൂസിലൻഡ്. ആകെ 36 ഗവേഷണ പദ്ധതികളായിരുന്നു അന്റാർട്ടിക്കയിൽ ന്യൂസിലൻഡ് നിശ്ചയിച്ചിരുന്നത്. എന്നാൽ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഇതിൽ 23 എണ്ണവും ഉപേക്ഷിക്കാനാണ് തീരുമാനം.

നിലവിൽ കൊവിഡ് എത്തിപ്പെട്ടിട്ടില്ലാത്ത ഭൂമിയിലെ ഏക ഭൂഖണ്ഡം അന്റാർട്ടിക്കയാണ്. ദീർഘനാളായി നടന്നുവരുന്ന ശാസ്ത്ര പര്യവേഷണവും അനുബന്ധ പ്രവർത്തനങ്ങളും മാത്രമേ തുടരുകയുള്ളു. വരുന്ന ഒക്ടോബർ മുതൽ മാർച്ച് വരെയാണ് അന്റാർട്ടിക്കയിലെ പുതിയ ഗവേഷണ സീസൺ. ഈ സീസണിലേക്കാണ് 36 പദ്ധതികൾ തയാറാക്കി വച്ചിരുന്നത്.

കൊവിഡ് ലോകത്തെ വിറപ്പിക്കുമ്പോഴും അന്റാർട്ടിക്ക ശാന്തമാണ്. അന്റാർട്ടിക്ക സുരക്ഷിതമായി തുടരാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് അന്റാർട്ടിക്ക ന്യൂസിലൻഡ് പ്രതിനിധികൾ അറിയിച്ചു. അന്റാർട്ടിക്കയിൽ ന്യൂസിലൻഡിന്റെ ഗവേഷണ കേന്ദ്രമായ സ്കോട്ട് ബേസ് സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു. വരാൻ പോകുന്ന സീസണിൽ തങ്ങളുടെ ഗവേഷണ പദ്ധതികളിൽ നിന്നും പിന്മാറുന്നതായി ഏപ്രിലിൽ ഓസ്ട്രേലിയയും അറിയിച്ചിരുന്നു.