തിരുവനന്തപുരം: കഠിനംകുളത്ത് ഭർത്താവ് മദ്യംനൽകി മയക്കി യുവതിയെ മകന്റെ മുന്നിൽ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ കൂടുതൽ അന്വേഷണത്തിനായി വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങും. സംഭവത്തിന് പിന്നിലെ ആസൂത്രണവും ഗൂഢാലോചനയും കണ്ടെത്തുന്നതിനും, സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും, പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനുമാണ് കഠിനംകുളം സി.ഐയും സംഘവും ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചത്.
യുവതിയുടെ ഭർത്താവുൾപ്പെടെ കേസിൽ അറസ്റ്റിലായ ചാന്നാങ്കര കഠിനംകുളം സ്വദേശികളായ മൻസൂർ (45), അക്ബർ ഷാ (23), അർഷാദ് (33), രാജൻ (50), മനോജ് ,ആട്ടോ ഡ്രൈവർ നൗഫൽ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. ഏറ്റവും ഒടുവിൽ അറസ്റ്റിലായ നൗഫലൊഴികെ മറ്റെല്ലാ പ്രതികളും നിലവിൽ കാരക്കോണം മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള നിരീക്ഷണ കേന്ദ്രത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
നൗഫലിനെ പൂജപ്പുരയിലാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുന്നത്. കൊവിഡ് പരിശോധനയ്ക്കായി ഇവരുടെ സ്രവങ്ങൾ ശേഖരിച്ച് അയച്ചെങ്കിലും അതിന്റെ ഫലം അറിവായിട്ടില്ല. ഇന്നോ നാളെയോ പരിശോധനാഫലം ലഭിക്കുമെന്നാണ് കരുതുന്നത്. കൊവിഡ് പരിശോധനാഫലം ലഭിച്ച് ഇവരെ ജയിലിലേക്ക് മാറ്റിയശേഷം, കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി കൂട്ടബത്സംഗത്തിന് ഇരയായത്. യുവതിയുടെ ഭർത്താവിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. കഠിനംകുളത്തിന് സമീപം വെട്ടുതുറയിലെ സുഹൃത്ത് രാജന്റെ വീട്ടിൽ പോകാമെന്ന് പറഞ്ഞാണ് യുവതിയെ ഭർത്താവ് കൊണ്ടുവന്നത്.
യുവതിക്ക് ഭർത്താവ് ബലമായി മദ്യം നൽകിയ ശേഷം രാജന്റെ വീട്ടിൽ മദ്യപിച്ചിരിക്കുകയായിരുന്ന മൻസൂർ, അക്ബർ ഷാ, അർഷാദ്, നൗഫൽ എന്നിവർക്ക് ബലാത്സംഗം ചെയ്യാൻ അവസരമൊരുക്കിയെന്നാണ് മൊഴി. മദ്യപാനം നടന്ന വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെയും മകനെയും നൗഫലിന്റെ ആട്ടോറിക്ഷയിൽ വലിച്ചുകയറ്റി.
വാഹനത്തിൽ വച്ചും ആളൊഴിഞ്ഞ പറമ്പിലെത്തിച്ചും യുവതിയേയും കുഞ്ഞിനെയും നൗഫലിന്റെ നേതൃത്വത്തിൽ അക്രമികൾ ക്രൂരമായി ഉപദ്രവിച്ചു. തുടയിൽ സിഗരറ്റ് കത്തിച്ച് പൊള്ളിക്കുകയും, അടിക്കുകയും, മറ്റ് തരത്തിൽ ഉപദ്രവിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച കുട്ടിയേയും ഉപദ്രവിച്ചശേഷമാണ് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.രാത്രി അവിടെ നിന്ന് രക്ഷപ്പെട്ട യുവതി അതുവഴി കാറിലെത്തിയ യുവാക്കളുടെ സഹായത്തോടെയാണ് വീട്ടിലെത്തിയത്.
യുവാക്കളാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഇക്കാര്യം പൊലീസിനെ അറിയിക്കരുതെന്ന് പറഞ്ഞ് യുവതിയെ ഭർത്താവ് ഭീഷണിപ്പെടുത്തി. അടുത്തദിവസം യുവതിയുടെ വീട്ടുകാരുടെ സഹായത്തോടെ പൊലീസിൽ നൽകിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യുവതിയുടെ വൈദ്യപരിശോധനാഫലത്തിൽ കൂട്ടബത്സംഗം നടന്നതായി സ്ഥിരീകരിച്ചിരുന്നു. മർദ്ദനത്തിനിരയായ മകനും സംഭവത്തെപ്പറ്റി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഭർത്താവിനെയും സുഹൃത്തുക്കളെയും പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിനുശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെയും മകനെയും സുരക്ഷിതത്വം കണക്കിലെടുത്ത് സർക്കാർ അഭയകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.