കോപ്പിയടി ആരോപണത്തെ തുടർന്ന് പരീക്ഷാഹാളിൽനിന്ന് ഇറക്കിവിട്ട ബിരുദവിദ്യാർത്ഥിനി അഞ്ജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോളേജിനെ വിമർശിച്ച് മനശാസ്ത്രജ്ഞന്റെ ഫേസ് ബുക്ക് പോസ്റ്റ്. പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധനായ ഡോ.സി ജെ ജോണാണ് കോളേജിന്റെ പ്രവർത്തികൾക്കെതിരെ സമൂഹമാദ്ധ്യമം വഴി രംഗത്തെത്തിയത്. മാനുഷിക വശം പരിഗണിച്ച് വേണം ഇത്തരം കാര്യങ്ങളിൽ ഇടപെടാനെന്നും കുട്ടികളെ ക്രമിനലുകളെ പോലെ കാണരുതെന്നും സി ജെ ജോൺ പറയുന്നു.
ഡോക്ടറുടെ ഫേസ് ബുക്ക് പോസ്റ്റിങ്ങനെ
കോപ്പിയടിച്ചുവെന്ന പേരിൽ പിടിക്കപ്പെട്ടതിൽ മനം നൊന്ത് ഒരു ഡിഗ്രി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തുവെന്ന് വാർത്ത. നിജ സ്ഥിതി തർക്ക വിഷയമാണ്. വീട്ടുകാരുടെയും നാട്ടുകാരുടെയും മുമ്പിൽ മാനം കെട്ടു പോകുന്ന സാഹചര്യം പെട്ടെന്ന് ഉണ്ടാകുമ്പോൾ ചില കുട്ടികൾ ഇങ്ങനെ പ്രതികരിച്ചേക്കും. ഈ സാധ്യത കൂടി കണക്കിലെടുത്തു വേണം കോപ്പിയടി സാഹചര്യത്തിൽ പെരുമാറാൻ. രക്ഷകർത്താക്കളെ ഇത്തരം സന്ദർഭത്തിൽ വിളിച്ചു വരുത്തി അവരുടെ ഒപ്പം വേണം വിടാനും
ഈ പ്രായത്തിലുള്ള കുട്ടികളെ ക്രിമിനലുകളായി കണക്കാക്കാതെ തിരുത്താനുള്ള പഴുത് നൽകി വേണം ഇടപെടലുകൾ നടത്താൻ. മാനുഷിക വശം കൂടി പരിഗണിച്ചു കൃത്യമായ ഒരു നടപടി ക്രമം വേണമെന്ന സൂചനയാണ് ഈ സംഭവത്തിൽ വന്ന വീഴ്ചകൾ ചൂണ്ടി കാണിക്കുന്നത്.
സ്വന്തം ഭാഗത്താണ് ശരിയെന്ന് സ്ഥാപിക്കാനായി ആ വിദ്യാഭ്യാസ സ്ഥാപനം സിസിടിവി ദൃശ്യങ്ങൾ പൊതുസമൂഹത്തിന്റെ മുൻപിലേക്ക് എറിഞ്ഞു കൊടുത്തതും ഒരു വലിയ വീഴ്ചയാണ്. പൊലീസിനെ കാണിക്കേണ്ട ദൃശ്യങ്ങൾ ഇങ്ങനെ സ്വയം പൊലീസ് ചമഞ്ഞ് പുറത്തു കാണിക്കുന്നത് ആ കുട്ടിയോടും കുടുംബത്തോടും ചെയ്യുന്ന ക്രൂരതയാണ്.
കുട്ടികൾ കോപ്പി അടിക്കുന്നത് പല തരം ഉൾപ്രേരണകൾ മൂലമാണ്. പഠിക്കുന്ന കുട്ടികൾ പോലും കുട്ടുകാർ ചെയ്യുന്നത് കണ്ട് ചെയ്തു പോകാറുണ്ട്. എന്തിന് ചെയ്തുവെന്ന് മനസ്സിലാക്കാനുള്ള ശ്രമം ഉണ്ടാകണം. തിരുത്താനുള്ള ഉത്തേജനം നൽകണം. ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന പോലെ ഇടപെട്ടാൽ അതൊരു വധശിക്ഷയായി മാറും. സ്വഭാവത്തെ തകർക്കും.