മണിപ്പൂർ: ബി.ജെ.പിയിലേക്ക് കൂറുമാറിയ ഏഴ് മുൻ കോൺഗ്രസ് എം.എൽ.എമാരെ നിയമസഭയിൽ പ്രവേശിക്കുന്നതിൽ നിന്ന് മണിപ്പൂർ ഹൈക്കോടതി വിലക്കി. എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന പ്രമേയത്തിൽ സ്പീക്കർ വൈ ഖേംചന്ദ് സിങ് അന്തിമ തീരുമാനമെടുക്കുന്നതുവരെ ഏഴ് പേരും നിയമസഭയിൽ പ്രവേശിക്കാൻ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്.
കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയ സനാസം ബിറാ സിങ്, ജിൻസെൻഹൌ, ഔനം വുഖോയ് സിങ്, ഗംതങ് ഹോകിപ്, യെൻഖോം സർചന്ദ്രസിങ്, ക്ഷേത്രിമയും ബിറാ സിങ്, പിയോനം ബ്രോജൻ സിങ് എന്നിവരെയാണ് നിയമസഭയിൽ നിന്ന് വിലക്കിയത്.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച ഇവർ ബി.ജെ.പിയിലേക്ക് കൂറുമാറിയത്. നിലവിലെ സാഹചര്യത്തിൽ ഏഴ് എം.എൽ.എമാർക്കും രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനാവില്ല. ജൂൺ 19നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. വിധി ബി.ജെ.പിക്ക് തിരിച്ചടിയായി.