പൊതുജീവിതത്തെ സാരമായി ഈർഷ്യപ്പെടുത്തുന്ന രണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള സ്വാഗതാർഹമായ നീക്കം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുകയാണ്. സംസ്ഥാനത്തെവിടെയും കാണുന്ന മാലിന്യ മഹാമലകൾ എന്നന്നേയ്ക്കുമായി ഇല്ലാതാക്കാനുള്ള ശുചിത്വ മിഷന്റെ ദൗത്യമാണ് ഇതിലൊന്ന്. രണ്ടാമത്തേത് പൊതുമരാമത്ത്, ജലവിഭവ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ കീഴിൽ വരുന്ന ചെറിയ അറ്റകുറ്റപ്പണികൾ കുടുംബശ്രീയെ ഏല്പിക്കാനുള്ള തീരുമാനമാണ്. മരാമത്തുവകുപ്പിനു കീഴിൽ വരുന്ന റോഡുകൾ, കെട്ടിടങ്ങൾ, ജലവിഭവ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പരിധിയിൽ വരുന്ന ചെറിയ പണികൾ എന്നിവയൊക്കെ സമയാ സമയം അറ്റകുറ്റപ്പണി നടത്തി നന്നായി പരിപാലിക്കാൻ സഹായിക്കുന്നതാണ് ഈ തീരുമാനം.
രണ്ടുലക്ഷം രൂപ വരെ ചെലവു വരുന്ന പണികളാകും ഇപ്രകാരം കുടുംബശ്രീ യൂണിറ്റുകളെ ഏല്പിക്കുക. ടെണ്ടർ ഒഴിവാക്കി നേരിട്ടാകും ഇതു ചെയ്യുക. സാധാരണ ഗതിയിൽ വരുന്ന കാലതാമസം ഇല്ലാതാകുമെന്നതാണ് ഏറ്റവും വലിയ നേട്ടം. ചെറിയ തോതിലുള്ള അറ്റകുറ്റപ്പണികൾക്ക് വിദഗ്ദ്ധ തൊഴിലാളികളെ കിട്ടുന്നില്ലെന്ന പരാതിക്കും ഇതോടെ പരിഹാരമാകും. അനവധി തവണ പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പാക്കുന്ന ഘട്ടം വരെ എത്തുകയും ചെയ്ത മാലിന്യ സംസ്കരണ പ്ളാന്റുകൾ കടലാസിൽത്തന്നെ ഒതുങ്ങുന്നതുകൊണ്ടാണ് നഗരങ്ങളിലും പട്ടണങ്ങളിലുമൊക്കെ മാലിന്യമലകൾ ഉയർന്നുകൊണ്ടിരിക്കുന്നത്. സർക്കാർ കിണഞ്ഞു ശ്രമിച്ചിട്ടും ഒരിടത്തു പോലും കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
മാലിന്യ നിർമ്മാർജ്ജനവും സംസ്കരണവും തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണെങ്കിലും ഈ വിഷയത്തിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യമായ വിധത്തിലാണ് സംസ്ഥാനത്ത് അനുദിനം രൂക്ഷമാകുന്ന മാലിന്യ പ്രശ്നം. മാലിന്യത്തിൽ നിന്ന് വളവും വൈദ്യുതിയുമൊക്കെ ഉത്‌പാദിപ്പിക്കാനാവുന്ന പ്ളാന്റുകൾ പലേടത്തും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയും പ്രധാന നഗരങ്ങളിൽ അത്തരത്തിലുള്ള പ്ളാന്റ് സ്ഥാപിക്കാൻ സർക്കാർ നടപടി തുടങ്ങിയതാണ്. ഏറ്റവും ഒടുവിൽ വിഴിഞ്ഞത്ത് അത്തരത്തിലുള്ള വലിയൊരു പ്ളാന്റ് തുടങ്ങുന്നതിന്റെ വക്കോളമെത്തിയതാണ്. മാലിന്യ സംസ്കരണ പ്ളാന്റിനെതിരെ എവിടെയും കാണാവുന്ന പ്രതിഷേധവും സമരവുമൊക്കെ വിഴിഞ്ഞത്തും അരങ്ങേറി. പ്ളാന്റിന്റെ ഭാവി എന്താകുമെന്ന് ഇനിയും അറിയാറായിട്ടില്ല.
സംസ്ഥാനത്തുടനീളമുള്ള മാലിന്യ സംഭരണ കേന്ദ്രങ്ങൾ വലിയ ആരോഗ്യ പ്രശ്നമായി മാറിയിട്ടുണ്ട്. നിലവിൽ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള ദൗത്യമാണ് ശുചിത്വ മിഷൻ ഏറ്റെടുക്കുന്നത്. ജൈവമാലിന്യവും ഖരമാലിന്യവും ഒന്നായി കൂടിക്കിടക്കുകയാണ്. ഇത് വേർതിരിച്ചെടുത്താൽ രണ്ടും പ്രയോജനപ്പെടുത്താൻ കഴിയും. തിരുവനന്തപുരത്ത് വിളപ്പിൽശാലയിലുണ്ടായിരുന്ന മാലിന്യ സംസ്കരണ കേന്ദ്രത്തിനു സംഭവിച്ച ആത്മഹത്യാപരമായ പാകപ്പിഴകളാണ് ഒരർത്ഥത്തിൽ സംസ്ഥാനത്തിന്റെ മാലിന്യ സംസ്കരണ യത്നങ്ങൾക്ക് വലിയ തിരിച്ചടിയായത്. പ്രസ്തുത പ്ളാന്റിന് കിലോമീറ്ററോളം അകലെ വരെ ജനങ്ങളെ തീരാദുരിതത്തിലാക്കിയ കൊടിയ വിപത്തായി വിളപ്പിൽശാല പ്ളാന്റ് മാറിയത് അധികൃതരുടെ കെടുകാര്യസ്ഥത ഒന്നുകൊണ്ടുമാത്രമാണ്.
വിളപ്പിൽശാലക്കാർ മാത്രമല്ല സംസ്ഥാനത്തെവിടെയുമുള്ളവർ മാലിന്യ പ്ളാന്റ് എന്നുകേട്ടാൽ കലിതുള്ളി എത്താനിടയായതും ഇതിനു ശേഷമാണ്. ജനങ്ങൾക്ക് അലോസരമുണ്ടാക്കാത്തതും തീർത്തും പരിസ്ഥിതി സൗഹൃദവുമായ ഒരു മാലിന്യ സംസ്കരണ പ്ളാന്റെങ്കിലും സ്ഥാപിച്ച് വിജയകരമായി പ്രവർത്തിപ്പിച്ചു കാണിക്കാൻ സർക്കാരിനു കഴിയാതെ പോയതും മാലിന്യ സംസ്കരണം പാടേ കുത്തഴിഞ്ഞ നിലയിലാകാൻ കാരണമായിട്ടുണ്ട്. ശുചിത്വ മിഷൻ ഏറ്റെടുക്കാൻ പോകുന്ന ദൗത്യം വിജയിച്ചു കാണാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. അതിനാവശ്യമായ സഹായ സഹകരണങ്ങൾ നൽകാൻ ജനങ്ങൾ മുന്നോട്ടുവരണം. നാടും നഗരവും ഒരു പോലെ മാലിന്യമുക്തമാകേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ വളരെയധികം ആവശ്യമാണ്.
നിരവധി കർമ്മമണ്ഡലങ്ങളിൽ കഴിവു തെളിയിച്ചുകൊണ്ടിരിക്കുന്ന കുടുംബശ്രീ യൂണിറ്റുകളെ ചെറിയ തോതിലുള്ള റിപ്പയർ പണികൾ ഏല്പിക്കാനുള്ള സർക്കാരിന്റെ തീരുമാനം പുതിയൊരു കാൽവയ്പാണ്. ഇത് ഏറ്റവും അനുഗ്രഹമാകാൻ പോകുന്നത് റോഡുകളുടെ കാര്യത്തിലാണ്. പൊതുനിരത്തുകളിൽ അപ്പപ്പോഴുണ്ടാകുന്ന കുണ്ടും കുഴികളുമാണ് ദിവസങ്ങൾക്കകം വലിയ ഗർത്തങ്ങളായി മാറുന്നത്. യഥാകാലം അവ അറ്റകുറ്റപ്പണി ചെയ്തിട്ടാൽ വലിയ തകരാറില്ലാതെ കിടക്കും. പണ്ടുകാലത്ത് ഇതിനായി മരാമത്തു വകുപ്പിൽ എൻ.എം.ആർ എന്നൊരു വിഭാഗമുണ്ടായിരുന്നു. ചെറിയ കുഴികൾ അടയ്ക്കലും പാതവക്ക് ചെത്തി വൃത്തിയാക്കലും മറ്റും അവരുടെ പണിയായിരുന്നു.
ഇപ്പോൾ അറ്റകുറ്റപ്പണി ചെയ്യണമെങ്കിൽ റോഡ് അപ്പാടെ പൊളിഞ്ഞ് ഗതാഗതം അസാദ്ധ്യമാകുന്ന നിലയിലെത്തണമെന്ന സ്ഥിതിയാണ്. അറ്റകുറ്റപ്പണി വലുതാകും തോറും കരാറുകാരന്റെ മടിശീലയും വീർക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്കും സന്തോഷമാകും. നിരത്തിലുണ്ടാകുന്ന ചെറിയ തകരാറുകൾക്ക് അപ്പപ്പോൾ പരിഹാരമുണ്ടായാൽ വാർഷിക പണികളുടെ ഭാരം കുറയ്ക്കാനാവും. നിരത്തുകൾ സദാ വൃത്തിയായി കിടക്കുകയും ചെയ്യും. ഏതു മരാമത്തു പണിക്കും കുടുംബശ്രീയുടെ പക്കൽ ഇപ്പോൾ തൊഴിലാളികളുള്ളതിനാൽ ഇത്തരം പ്രവൃത്തികൾ അവർക്ക് ഏറ്റെടുക്കാനാവും. രണ്ടുവർഷം മുമ്പുണ്ടായ പ്രളയത്തിൽ തകർന്ന വീടുകൾ നന്നാക്കാനുള്ള കരാർ കുടുംബശ്രീ ഏറ്റെടുത്തിരുന്നു. ഇതുപോലെ ജലവിഭവ വകുപ്പിനും തദ്ദേശ സ്ഥാപനങ്ങൾക്കും അനവധി പ്രവൃത്തികൾ എപ്പോഴും തീർക്കാനുണ്ടാവും. ടെണ്ടർ ക്ഷണിച്ച് കാത്തിരിക്കാതെ ഉടൻ പണി ഏറ്റെടുത്തു ചെയ്യാൻ സംവിധാനമുണ്ടാക്കുന്നത് ജനങ്ങൾക്കും ഉപകാരപ്രദമായിരിക്കും.