ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തതിലും കേന്ദ്ര സർക്കാരിന് തെറ്റുപറ്റിയിട്ടുണ്ടാകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. എന്നാൽ സർക്കാരിന് പ്രതിബദ്ധതയും ഉദ്ദേശ ശുദ്ധിയുമുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിലെ ബി.ജെ.പി പ്രവർത്തകരെ വെർച്വൽ റാലി വഴി അഭിസംബോധന ചെയ്യവെയാണ് അമിത്ഷാ ഇങ്ങനെ പറഞ്ഞത്.
"രാജ്യത്തെ കൊവിഡിനെതിരെ പോരാടാനായി ആരോ സ്വീഡനിലിരുന്ന് ഇംഗ്ലീഷില്‍ സംസാരിക്കുന്നു. മറ്റുചിലർ അമേരിക്കയിലിരുന്ന് സംസാരിക്കുന്നു. നിങ്ങൾ എന്ത് ചെയ്തുവെന്ന് രാജ്യത്തെ ജനങ്ങളോട് വിശദീകരിക്കണം. കോൺഗ്രസ് ഒന്നും ചെയ്തില്ല. എന്താണ് കേന്ദ്രസർക്കാർ ചെയ്തതെന്ന് ഞാൻ പറയാം. ജനങ്ങൾക്കായി സാമ്പത്തിക പാക്കേജുകൾ അനുവദിച്ചു. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി അഞ്ചുതവണ വീഡിയോ കോൺഫറൻസ് നടത്തി. എല്ലാവരെയും ഒപ്പം നിറുത്തിയാണ് മോദി സർക്കാർ പ്രവർത്തിച്ചത്- അമിത് ഷാ പറഞ്ഞു.