ആചാര്യൻ, ഗുരു എന്നീ ശബ്ദങ്ങളുടെ ശ്രവണ മാത്രയിൽ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത് ശ്രീശങ്കരാചാര്യരും ശ്രീനാരായണ ഗുരുവുമാണ്. ശാസ്ത്രാർത്ഥങ്ങൾ സ്വയം ആചരിച്ചും ആചരിപ്പിച്ചും ഗുരു മാതൃകയായി. ആചാര്യത്വത്തിന്റെ ഈ വിശിഷ്ട വൈഭവത്തെ ഓർത്താണ് ഗുരുസ്തവത്തിൽ കുമാരനാശാൻ ''പരമാചാര്യ നമസ്തേ എന്ന് ഗുരുവിനെ സ്തുതിച്ചത്. ശ്രീശങ്കരാചാര്യർ 788-ലും ശ്രീനാരായണഗുരു 1855-ലുമാണ് ആവിർഭവിച്ചത്. ഏതാണ്ട് പന്ത്രണ്ട് നൂറ്റാണ്ടുകളുടെ കാലവ്യത്യാസം. കാലത്തിന് മായ്ച്ച് കളയാനാവാത്ത പാദമുദ്രകൾ ചാർത്തി കടന്നുപോയവരാണവർ. മേഘജ്യോതിസ്സുപോൽ ഹ്രസ്വകാല ദീപ്തി പരത്തി ആചാര്യർ അപ്രത്യക്ഷമായി, മുപ്പത്തിരണ്ട് വർഷം ജീവിച്ചു.
ഗുരുവാകട്ടെ എഴുപത്തിമൂന്നുവർഷം ദീർഘവസന്തമായി ഇവിടെ വിടർന്നുനിന്നു. വേദാന്ത ദർശനത്തിന്റെ തനിമ അദ്വൈത ജീവിതത്തിലാണ് ഉള്ളതെന്ന് അനുഭവിച്ചറിഞ്ഞവരായിരുന്നു ശ്രീശങ്കരാചാര്യരും ശ്രീനാരായണഗുരുവും. അനുകമ്പയും അറിവുമായിരുന്നു ആചാര്യരുടെയും ഗുരുവിന്റെയും ജീവതാരകമായി വിരാജിച്ചത്.
ബ്രഹ്മചാരിയായിരിക്കുമ്പോൾ, അതിദാരിദ്ര്യമുള്ള ഒരു ഗൃഹത്തിൽ ഭിക്ഷയ്ക്കായി പോയി ആചാര്യൻ. മറ്റൊന്നും കൊടുക്കാൻ അവിടെ ഇല്ലെന്നു കണ്ട് ദുഃഖിച്ച ഗൃഹനാഥ, ഒരു നെല്ലിക്ക ബ്രഹ്മചാരിക്ക് നല്കി. ദാരിദ്ര്യദുഃഖം കണ്ട് മനസ്സലിഞ്ഞുപോയ ആചാര്യൻ, കനകധാരാ സ്തോത്രം രചിച്ചു ചൊല്ലി പ്രാർത്ഥിച്ചുവത്രേ. പിറ്റേന്നാൾ, ആ ഗൃഹത്തിൽ സ്വർണ നെല്ലിക്ക മഴപോലെ പെയ്തുവെന്നാണ് ഐതീഹ്യം.
ഭിക്ഷുവിനെ പരിഹസിച്ച കൂട്ടുകാരെ അതിൽ നിന്ന് പിന്തിരിപ്പിച്ചു ബാലനായ നാണു. വസൂരി ബാധിച്ച ചങ്ങാതിയെ പരിചരിച്ചു രോഗവിമുക്തിയുണ്ടാക്കി. അങ്ങനെ അനുകമ്പയെ പ്രദർശിപ്പിക്കുന്ന എത്രയെത്ര സംഭവങ്ങളാണ് ആചാര്യന്റെയും ഗുരുവിന്റെയും ജീവിതത്തിൽ നടന്നിട്ടുള്ളത്. കവിത്വസിദ്ധിയിൽ പരംഗതരായിരുന്നു ആചാര്യനും ഗുരുവും. പ്രസ്ഥാനത്രയത്തിന് ആചാര്യർ എഴുതിയ ഭാഷ്യഭാഷയിൽ ഓജസും സൗന്ദര്യവും കുറുകിനിന്നു. വിവേകചൂഡാമണി, വാക്യവൃത്തി, മനീഷാപഞ്ചകം തുടങ്ങിയ പ്രകരണ ഗ്രന്ഥങ്ങളും സ്തോത്രങ്ങളും ആചാര്യപാദരുടെ കവിത്വസിദ്ധിക്കുള്ള നിത്യഭാസുരമായ ഉദാഹരണങ്ങളാണ്.
അതിധന്യമായ ചില ജീവിത സന്ദർഭങ്ങളിലാണ് ആചാര്യനും ഗുരുവും കവിതകൾ രചിച്ചിട്ടുള്ളത്. കാശിയിൽ വച്ചുണ്ടായ ചണ്ഡാലപ്രശ്നത്തിന്റെ സന്ദർഭത്തിൽ രചിച്ചതാണ് മനീഷാപഞ്ചകം എന്ന കൃതി. ജിജ്ഞാസുവിന്റെ ആഗ്രഹമനുസരിച്ചോ സാന്ദർഭികമായോ എഴുതിപ്പോയതാണ് ഗുരുദേവകൃതികളിൽ അധികം. ഗുരു അനുഭവിച്ച ആന്തരികജീവിതത്തിന്റെ - നിശ്ശബ്ദതയുടെ മണിനാദമായി മുഴങ്ങുന്ന കൃതികളും രചിച്ചിട്ടുണ്ട്. ത്യാഗത്തിന്റെയും അനാസക്തിയുടെയും രജതരേഖകൾ ആചാര്യന്റെയും ഗുരുവിന്റെയും ജീവിതത്തിൽ തെളിഞ്ഞുനിന്നിരുന്നു. 'ഈശാവാസ്യമിദം സർവം" എന്ന മന്ത്രത്തിന്റെ സാരം അനുഭവിച്ചറിഞ്ഞ അവർക്ക് അത് സ്വഭാവമായിരുന്നു. 'ഈശ്വരൻ ജഗത്തിലെല്ലാമാവസിക്കുന്നു" എന്ന് ഗുരുദേവൻ ആ മന്ത്രചൈതന്യത്തെ മലയാളത്തിലെഴുതി.
ഈ മണ്ണിന്റെ മഹിത സംസ്കൃതിയെ വിളംബരം ചെയ്യുന്ന ഈശാവാസ്യോപനിഷത്തിലെ പതിനെട്ടു മന്ത്രങ്ങളും ഗുരു മലയാള ഭാഷയിലാക്കി. എന്നിട്ടും ചിലർ, ശ്രീനാരായണഗുരു ഉപനിഷത്തുകളെ അംഗീകരിച്ചിരുന്നോ എന്നു സന്ദേഹിക്കുന്നു. മൃഗീയമായ ആചാരങ്ങളും ബീഭത്സമായ ഉപാസനസമ്പ്രദായങ്ങളും നിലനിന്നിരുന്ന സാമൂഹിക പശ്ചാത്തലത്തിലാണ് ശ്രീശങ്കരാചാര്യർ ജീവിതദൗത്യം നിർവഹിച്ചത്. മുപ്പത്തിരണ്ട് വയസ് പ്രായമെത്തിയപ്പോൾ ജീവിതനിയോഗം കഴിഞ്ഞ് ശങ്കരാചാര്യർ യാത്രയായി. മുപ്പത്തിരണ്ടു വയസു കഴിഞ്ഞാണ് സാമൂഹിക പരിവർത്തനത്തിനായുള്ള ഗുരുവിന്റെ കർമ്മം ആരംഭിച്ചത്. വിശ്രുതരായ അദ്വൈതാചാര്യന്മാരായിരുന്നു ഇരുവരും.
ആചാര്യനും ഗുരുവിനും അഭിമുഖീകരിക്കേണ്ടിവന്ന സാമൂഹികവും കാലികവുമായ പ്രശ്നങ്ങൾ വ്യത്യസ്തങ്ങളായിരുന്നു. ഈ വിഭിന്നത അവരുടെ വ്യാവഹാരിക ജീവിതത്തിൽ പ്രകടമായി ദർശിക്കാം. ഭാരതീയ ചിന്തയുടെ തുംഗഭദ്രമായ ശിഖരമായിട്ടുള്ളത് ഉത്തരമീമാംസ എന്നു വിളിക്കപ്പെട്ട വേദാന്തദർശനമാണ്. ഋഷിയായ വ്യാസൻ ദർശിച്ചെഴുതിയ ബ്രഹ്മസൂത്രമാണ് വേദാന്ത ദർശനത്തിന്റെ പ്രമാണം. ശ്രുതിയുടെ വെണ്ണിലാവിലിരുന്ന് യുക്തിബോധത്തിന്റെ നാരായത്താൽ ആത്മാനുഭവത്തിന്റെ മധുകണമിറ്റിച്ച് ശ്രീശങ്കരാചാര്യർ ബ്രഹ്മസൂത്രങ്ങൾക്ക് ഭാഷ്യം രചിച്ചു. അദ്വൈതദർശനമാണ് വേദാന്തചിന്തയുടെ സന്ദേശമെന്നു അസന്ദിഗ്ദ്ധമായി ആചാര്യർ പ്രഖ്യാപിച്ചു.
ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾ ജീവിതത്തിന്റെ സമഗ്രതലങ്ങളേയും സ്പർശിക്കുന്നതായിരുന്നു. തപോനിഷ്ഠയിലൂടെ ഗുരു ആർജിച്ച അദ്വൈതപരമായ ജീവിതമാണതിനു കാരണം. ആലുവയിൽ സ്ഥാപിച്ച ആശ്രമത്തിന് അദ്വൈതാശ്രമം എന്ന് പേര് നൽകി. അദ്വൈതദർശനത്തിലെ പ്രക്രിയകളെ 19 ശ്ളോകങ്ങളടങ്ങിയ അദ്വൈതദീപിക എന്ന കൃതിയിൽ നിസംശയം വ്യക്തമാക്കി. ദർശനമാല, ആത്മോപദേശശതകം, ജനനീനവരത്നമഞ്ജരി തുടങ്ങിയ കൃതികൾ അദ്വൈതത്തിന്റെ ഉദയരാഗം പരത്തി ജ്ഞാനസൂര്യനെ പ്രകാശിപ്പിക്കുന്നവയാണ്.
ആത്മജ്ഞാനത്തിൽ നിന്നുളവായ നിർഭയത്വമാണ് ഗുരുവിന്റെ കർമ്മങ്ങളിലെ അനായാസതയ്ക്കും അപൂർവതയ്ക്കുമുള്ള കാരണം. ആ പാദസ്പർശമേറ്റ് അഹല്യയെപ്പോലെ ശിലയായുറങ്ങിക്കിടന്ന സമൂഹമനസ് സ്വതന്ത്രമായി. അദ്വൈത ദർശനത്തിലെ സൗമ്യമായ സമഭാവനയും പ്രായോഗികതയും ഗുരുദേവന്റെ കർമ്മങ്ങളിലെല്ലാം പ്രകാശിച്ചു. മാനവ ചരിത്രത്തിലെ രണ്ട് കാലഘട്ടങ്ങളെ പ്രോജ്ജ്വലിപ്പിച്ചവരായിരുന്നു ശ്രീശങ്കരാചാര്യരും ശ്രീനാരായണഗുരുവും.
ഭാരതീയ സംസ്കാരത്തിന്റെയും ചിന്തയുടെയും സമഗ്രതയും സാർവജനീനത്വവും, ജീവിതവും ദർശനവും കൊണ്ട് ലോകത്തെ അറിയിച്ചവരാണവർ. ചിന്തചെയ്തു ചൊല്ലാവുന്നതിന്റെ ഗിരിശൃംഗത്തിൽ ഇരുന്നു ചിന്തചെയ്തു ചൊല്ലാനാവാത്തതിന്റെ ധ്വന്യാലോകം സ്വന്തം കൃതികളിലൂടെ വ്യക്തമാക്കി ആചാര്യനും ഗുരുവും. വസന്തരാവിലെ വെണ്ണിലാവെന്നവണ്ണം അവർ എന്നും മനുഷ്യജീവിതത്തിൽ ആഹ്ലാദമായി പെയ്തു നില്ക്കുന്നു.