ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിരിക്കുന്ന സ്‌കൂളുകളില്‍ ഈ അക്കാദമിക് വര്‍ഷം അദ്ധ്യായന മണിക്കൂറുകളും സിലബസും വെട്ടികുറയ്ക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്‌റിയാല്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഇക്കാര്യത്തിലുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാന്‍ രക്ഷകര്‍ത്താക്കള്‍, അക്കാദമിക് വിദഗ്ദ്ധര്‍ തുടങ്ങിയവരോട് മന്ത്രി ആവശ്യപ്പെട്ടു.
സിലബസ് മുപ്പത് ശതമാനം മുതല്‍ അമ്പത് ശതമാനം വരെ വെട്ടി കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. വിദഗ്ദ്ധരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. ലോക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന രാജ്യത്തെ സ്‌കൂളുകള്‍ ആഗസ്റ്റ് 15 ന് ശേഷമേ തുറക്കാന്‍ സാദ്ധ്യതയുള്ളു എന്ന് രമേശ് പൊഖ്‌റിയാല്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.
മാനവവിഭവ ശേഷി മന്ത്രാലയത്തിലെയോ മന്ത്രിയുടെയോ സമൂഹ മാദ്ധ്യമങ്ങളിലൂടെയോ അഭിപ്രായം അറിയിക്കാം. സ്‌കൂളുകളിലെ അദ്ധ്യാനദിനങ്ങള്‍ 220 ദിവസത്തില്‍ നിന്ന് 100 ആയി വെട്ടിച്ചുരുക്കാനുള്ള നിര്‍ദേശം മാനവ വിഭശേഷി മന്ത്രാലയത്തിന് മുന്നിലുണ്ട്. ഓരോ അക്കാദമിക് വര്‍ഷത്തിലും 1320 മണിക്കൂര്‍ സ്‌കൂളുകളില്‍ തന്നെ അദ്ധ്യയനം നടക്കണം എന്ന വ്യവസ്ഥയിലും കേന്ദ്ര സര്‍ക്കാര്‍ മാറ്റം കൊണ്ടുവരും.