വിതുര: വിതുര പഞ്ചായത്തിലെ പട്ടൻകുളിച്ചപാറ, പച്ചവീട് മേഖലയിൽ മോഷ്ടാക്കളുടയും സാമൂഹ്യവിരുദ്ധരുടെയും ശല്യം കൂടുന്നതായി പരാതി. കാർഷിക വിളകൾ, റബർഷീറ്റ്, ഒട്ടുപാൽ എന്നിവ മോഷണം പോകുക ഇവിടെ പതിവാണ്. പച്ചവീട് എസ്റ്റേറ്റ് കേന്ദ്രമാക്കിയാണ് മോഷണവും മറ്റും നടക്കുന്നത്. എസ്റ്റേറ്റിലെ കിണറ്റിൽ സ്ഥാപിച്ചിരുന്ന വാട്ടർ പമ്പ് രണ്ടു തവണ മോഷണം പോയി. മാത്രമല്ല എസ്റ്റേറ്റിൽ പടക്കം നിക്ഷേപിച്ച് പന്നി വേട്ടയും നടക്കുന്നുണ്ട്. എസ്റ്റേറ്റിന്റെ പല ഭാഗത്തും വലിച്ചെറിഞ്ഞിരിക്കുന്ന പടക്കത്തിൽ ചവിട്ടി വിറക് ശേഖരിക്കാൻ എത്തിയ വീട്ടമ്മമാർക്ക് പരിക്കേറ്റ സംഭവവും ഉണ്ടായി. ഒരു മാസമായി ഇവിടെ സാമൂഹ്യവിരുദ്ധരുടെ ശല്യംവും രൂക്ഷമാണ്. മോഷ്ടാക്കളെ പിടികൂടണമെന്നാവശ്യപ്പെട്ട് എസ്റ്റേറ്റ് ഉടമ ഇ.എം. നസീർ വിതുര പൊലീസ് സ്റ്റഷനിൽ പരാതി നൽകിയിട്ടുണ്ട്. പട്ടൻകുളിച്ചപാറ മേഖലയിൽ പട്രോളിംഗ് ശക്തിപ്പെടുത്തുമെന്ന് വിതുര സി.ഐ എസ്. ശ്രീജിത്തും, എസ്.ഐ സുധീഷും അറിയിച്ചു.