ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്വദേശികളായ മൂന്ന് പേർ കൊവിഡ് പോസിറ്റീവ് ആയതുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നും എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിച്ചതായും നഗരസഭാ ചെയർമാൻ എം. പ്രദീപ് അറിയിച്ചു. ആദ്യം കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരും മേയ് 26 ന് ദുബായിൽ നിന്നെത്തിയ ഉടനേ നെയ്യാറ്റിൻകരയിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് പോയി. ഇവർ വീട്ടിലോ നാട്ടിലോ വന്നിട്ടില്ല. ഞായറാഴ്ച ഗൾഫിൽ നിന്നുമെത്തിയ മൂന്നാമത്തെയാളെ ഹോം ക്വാറന്റൈനിൽ കഴിയവേ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കൊവിഡ് സെന്ററിൽ നിന്നുളള നിർദ്ദേശമനുസരിച്ച് ആശുപത്രിയിലേക്ക് മാറ്റുകയും ഈ വീട്ടിലെ നാല് കുട്ടികൾ ഉൾപ്പടെ എട്ട് അംഗങ്ങളെ ഹോം ക്വാറന്റൈനിലാക്കുകയും ചെയ്തിരുന്നു. നഗരസഭയിൽ നിന്നും ആശുപത്രിയിൽ നിന്നുമുള്ള ആരോഗ്യപ്രവർത്തകർ ഇവർക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. എന്നാൽ ഇവിടത്തെ എഴുപതുകാരനായ ഗൃഹനാഥൻ ഇന്നലെ ക്വാറന്റൈൻ ലംഘിച്ച് പുറത്തേക്ക് പോകുകയും മാർക്കറ്റ് റോഡിലുള്ള കടയിൽ നിന്നും ചായ കുടിക്കുകയും വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുകയും ചെയ്തത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ക്വാറന്റൈൻ ലംഘിച്ചതിന് ഇയാൾക്കെതിരെ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് നഗരസഭയിൽ ബന്ധപ്പെട്ടവരുടെ അടിയന്തരയോഗം ചേർന്ന് ശക്തമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ചെയർമാൻ എം. പ്രദീപിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എസ്. വിശ്വനാഥൻ, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻജോസ്, ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാർ, കൗൺസിൽ കെ.എസ്. സന്തോഷ്‌കുമാർ, ആറ്റിങ്ങൽ പൊലീസ് സബ് ഇൻസ്പെക്ടർ എന്നിവർ പങ്കെടുത്തു. എഴുപതുകാരൻ ചായ കുടിച്ച കട പൂട്ടുകയും കടയും പരിസരവും അണുനശീകരണം നടത്തുകയും ചെയ്തു. കൊവിഡ് 19 സ്ഥിരീകരിച്ച ആൾ താമസിച്ച വീടും പരിസരവും നഗരസഭ ഹെൽത്ത് വിഭാഗം അണുവിമുക്‌തമാക്കി. വീട്ടിലുണ്ടായിരുന്ന എട്ട് പേരേയും തിരുവനന്തപുരത്തെ കൊവിഡ് സെന്ററിലേക്ക് മാറ്റി. പതിമൂന്നിന് ഇവരെ സ്രവ പരിശോധനക്ക് വിധേയമാക്കും.