തിരുവനന്തപുരം: കേന്ദ്രം അനുവദിച്ച ഇളവുകളോടെ മുൻകരുതലുകൾ കർശനമാക്കി നഗരത്തിൽ മാളുകൾ തുറന്നെങ്കിലും ആദ്യ ദിവസം ഉപഭോക്താക്കളുടെ തിരക്കുണ്ടായില്ല. ഓവർബ്രിഡ്‌ജിലെ പോത്തീസ്, ചാക്കയിലെ മാൾ ഒഫ് ട്രാവൻകൂർ, പാറ്റൂരിലെ ആർടെക്, അട്ടക്കുളങ്ങരയിലെ രാമചന്ദ്രൻ തുടങ്ങി വലുതും ചെറുതുമായ എല്ലാ മാളുകളും പൊതുവെ ശൂന്യമായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് 24ന് പ്രവർത്തനം നിറുത്തിവച്ച മാളുകളാണ് ഇന്നലെ പ്രവർത്തനം പുനരാരംഭിച്ചത്. എന്റർടെയിൻമെന്റ് സോണുകളുടെയും സിനിമാ തിയേറ്ററുകളുടെയും സേവനങ്ങളില്ലാതെ പകുതി ജീവനക്കാരുമായാണ് തുറന്നത്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്‌ക്ക് മുൻഗണന നൽകിക്കൊണ്ട് സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ഇവ തുറന്നുകൊടുത്തതെന്നും മാളുകളുടെ മാനേജ്മെന്റ് വ്യക്തമാക്കി. പൊലീസിന്റേതടക്കമുള്ള പരിശോധനകൾ നടത്തി സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയിരുന്നു. പരിശോധനയ്‌ക്കായി പ്രത്യേകം ജീവനക്കാരെയും ചില മാളുകളിൽ നിയമിച്ചു. മുൻകരുതലിന്റെ ഭാഗമായി രാവിലെ 11 മുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തനസമയം.
ആരോഗ്യ സേതുവും തിരിച്ചറിയൽ
കാർഡും നിർബന്ധം
-----------------------------------------------------
മാളുകളിൽ എത്തുന്നവർ ഫോണുകളിൽ ആരോഗ്യ സേതു ആപ്പും, കെെയിൽ തിരിച്ചറിയൽ കാർഡുകളും കരുതണം. ഇവ രണ്ടും നിർബന്ധമാക്കിയാണ് ഉപഭോക്താക്കളെ മാളുകളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഇതിനു പുറമെ വരുന്നവരുടെ പേരും ഫോൺ നമ്പരും സ്വദേശവും രജിസ്റ്ററിൽ സർക്കാർ നിർദ്ദേശ പ്രകാരം രേഖപ്പെടുത്തുന്നുണ്ട്. കൂട്ടമായി എത്തുന്നവർ ഒന്നോ രണ്ടോ ആൾക്കാരുടെ പേരു വിവരങ്ങൾ രേഖപ്പെടുത്തിയാൽ മതിയാകും.
മുൻകരുതലുകൾ
--------------------------------------------------------
കവാടം മുതൽ കവാടത്തിൽ കെെകൊണ്ട് സ്പർശിക്കാതെ ഉപയോഗിക്കാവുന്ന തരത്തിൽ സാനിറ്റൈസർ വെന്റിംഗ് മെഷിനുകൾ സ്ഥാപിച്ചു. രണ്ടാം ഘട്ടമായി തെർമൽ സ്കാനിംഗും സജ്ജമാക്കി. 38 ഡിഗ്രി സെൽഷ്യസിന് മുകളിൽ ശരിരോഷ്‌മാവ് ഉള്ളവർക്ക് പ്രവേശനമില്ല. 10 വയസിനും താഴെയുള്ളവരും 60 വയസിന് മുകളിലുള്ളവരുമെത്തിയാൽ അവരെ അകത്ത് പ്രവേശിപ്പിക്കാതെ ലോബിയിൽ ഇരുത്തും. മുഖാവരണവും സാമൂഹിക അകലവും ഉറപ്പാക്കി മാത്രം അകത്തേക്ക് പ്രവേശനം. റസ്റ്റോറന്റുകൾക്കു മുന്നിൽ ഇരിപ്പിടങ്ങൾ പുനർക്രമീകരിച്ചിരുന്നു. പ്രത്യേക പരിശീലനം നേടിയ പാന്റെമിക് റെസ്‌പോൺസ് ടീമിനെയും സജ്ജമാക്കി. 1.5 മീറ്റർ അകലം അടയാളപ്പെടുത്തിയ സ്റ്റിക്കറുകളും പോസ്റ്ററുകളും പതിച്ചു. ഇതോടൊപ്പം ഇടവേളകളിൽ സാമൂഹിക അകലം ഒാർമ്മിപ്പിച്ച് അനൗൺസ്‌മെന്റുമുണ്ടായിരുന്നു.
ട്രയലിംഗ് ഇല്ല
------------------------------
തുണിക്കടകളിൽ ട്രയലിംഗ് ഒഴിവാക്കിയിരുന്നു. നിർബന്ധമുള്ളവർക്ക് മാത്രം ഒറ്റ തവണ അനുവദിച്ചു. ഇതിനുശേഷം ഉപയോഗിച്ച തുണി സാനിറ്റെെസ് ചെയ്‌ത് 24 മണിക്കൂറിന് ശേഷമാകും വീണ്ടും ഷെൽഫിലെത്തുക. മിക്ക കടകളും സോഷ്യൽ മീഡിയ വഴി ഓൺലെെൻ ഷോപ്പിംഗ് സൗകര്യം ഏർപ്പെടുത്തിയിരുന്നു.
ഫോട്ടോ: സന്ദർശകരില്ലാതെ വിജനമായ മാൾ ഒഫ് ട്രാവൻകൂർ