കുറ്റിച്ചൽ: തിരുവനന്തപുരം വന്യ ജീവി ഡിവിഷനിലെ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ചിലെ കോട്ടൂർ സെക്ഷൻ ആസ്ഥാനത്തെ എംപ്ലോയ്മെന്റ് ഗൈഡൻസ് സെന്ററിൽ കോട്ടൂർ സെക്ഷന് കീഴിലെ 6 ആദിവാസി ഊരുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്കായി വിജ്ഞാനവനിക എന്ന ഓൺലൈൻ ക്ലാസ് ഒരുക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് സർക്കിൾ കൺസർവേറ്റർ ജെ. ദേവപ്രസാദ് നിർവഹിച്ചു. അതോടൊപ്പം പത്താം ക്ലാസ് വിദ്യർത്ഥികൾക്ക് ഈ അധ്യയന വർഷത്തേക്കുള്ള സ്പെഷ്യൽ ട്യൂഷന് കോട്ടൂർ സെക്ഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.സി. സിനുകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പ്രശാന്ത്. പി.പി. ഗോപിക സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകും. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം, പഠനസാമഗ്രികൾ എന്നിവയും നൽകും. കൂടാതെ കമ്പ്യൂട്ടർ, പി.എസ്.സി ക്ലാസുകളും നടത്തുന്നുണ്ട്. ഓൺലൈൻ ക്ലാസിനായുള്ള ടെലിവിഷൻ പിക്സൽ വില്ലേജ് എന്ന യൂട്യൂബ് ചാനൽ തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ ജെ. ആർ.അനിയ്ക്ക് കൈമാറി. കേരളത്തിൽ ആദ്യമായാണ് വനംവകുപ്പ് ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തുന്നത്.