ന്യൂഡൽഹി: ഡല്‍ഹി എയിംസിലെ നഴ്സുമാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഡ്യൂട്ടി സമയം കുറയ്ക്കുന്നത് അടക്കമുള്ള നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഡല്‍ഹിയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ വിളിച്ച സർവകക്ഷിയോഗം പുരോഗമിക്കുകയാണ്.
നാന്നൂറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരില്ലെന്ന് വ്യക്തമാക്കി ഗംഗാറാം ആശുപത്രി ചെയര്‍മാന്‍ ഡോ. ഡി.എസ് റാണ രംഗത്തുവന്നു. രാജ്യതലസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈവിട്ടതോടെയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഡല്‍ഹിക്കാര്‍ക്ക് മാത്രം ചികില്‍സ എന്ന അറ്റകൈ പ്രയോഗം ഡല്‍ഹി സര്‍ക്കാര്‍ പുറത്തെടുത്തത്. എന്നാല്‍ ഡല്‍ഹിയിലെ കൊവിഡ് വ്യാപനത്തില്‍ ആം ആദ്മി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിറുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ ഉത്തരവ് റദ്ദാക്കിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ കേന്ദ്രത്തിന്‍റെ നിര്‍ദേശപ്രകാരം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഏറ്റെടുക്കുകയാണ്.
അതേസമയം നാലായിരം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റി. ഡല്‍ഹിയിലെ പ്രധാന ആശുപത്രികളായ എയിംസില്‍ 500, സര്‍ ഗംഗാറാമില്‍ 400, ആര്‍.എം.എല്‍, എല്‍.എന്‍.ജെ.പി എന്നിവിടങ്ങളില്‍ ഇരുന്നൂറ് ആരോഗ്യപ്രവര്‍ത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഴ്സുമാരും ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ രോഗബാധിതരായതോടെ മറ്റ് രോഗികളുടെ ചികിത്സയും വഴിമുട്ടിയിരിക്കുകയാണ്.