കല്ലമ്പലം: അമിത വൈദ്യുതി പ്രവാഹത്തിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കത്തിനശിച്ചു. നാവായിക്കുളം മേഖലയിലെ 150 ഓളം വീടുകളിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽഫോൺ അടക്കം നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് തകരാറിലായത്. ഇതോടെ പ്രദേശത്ത് ഓൺലൈൻ പഠനവും പ്രതിസന്ധിയിലായി. പരാതിയെ തുടർന്ന് അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപ്പെട്ട് രംഗം ശാന്തമാക്കി. കെ.എസ്.ഇ.ബി കല്ലമ്പലം സെക്ഷൻ പരിധിയിലുൾപ്പെട്ട ഇരുപത്തെട്ടാം മൈൽ, പൈവേലിക്കോണം, പേരിക്കോട്ടുകോണം പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെ അമിത വൈദ്യുതി പ്രവാഹം ഉണ്ടായത്. മരച്ചില്ലകൾ വെട്ടിമാറ്റുന്നതിന്റെ ഭാഗമായി രാവിലെ മുതൽ ലൈൻ ഓഫ് ചെയ്തിരുന്നതായും വൈകിട്ട് 5.30 ന് ചാർജ് ചെയ്തതോടെയാണ് ഹൈ വോൾട്ട് മൂലം വീടുകളിലെ ടി.വി, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഉപകരങ്ങൾ കേടായതെന്നും വാർഡംഗം യമുനാ ബിജു പറഞ്ഞു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പഞ്ചായത്ത് കെ.എസ്.ഇ.ബിയെ അറിയിച്ചെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയിലാണ് അധികൃതർ. പ്രദേശത്തെ ലൈനിൽ കഴിഞ്ഞ ദിവസം മരം വീണതിനെതുടർന്ന് ലൈൻ ഷോർട്ടാകുകയും തുടർന്നുള്ള പണികൾക്കിടയിൽ ബന്ധപ്പെട്ട ട്രാൻസ്ഫോർമറിലെ നൂട്രൽ കട്ടായതാണ് ഓവർ വോൾട്ടേജിനിടയാക്കിയതെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ അജിത് അറിയിച്ചു.