തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വെബ്സൈറ്റും സമൂഹമാദ്ധ്യമ അക്കൗണ്ടുകളും പരിപാലിക്കാൻ ഒരു വർഷത്തെ ചെലവ് 1.10കോടി രൂപ. സി-ഡിറ്റിന് തുക അനുവദിച്ച് കഴിഞ്ഞ ദിവസം പബ്ലിക് റിലേഷൻസ് വകുപ്പ് ഉത്തരവിറക്കി. നാല് മാസത്തെ കുടിശ്ശികയായ 36,07,209 രൂപയും അനുവദിച്ചിട്ടുണ്ട്.
വെബ്സൈറ്റും സമൂഹമാദ്ധ്യമ അക്കൗണ്ടുകളും കൈകാര്യം ചെയ്യുന്ന 12 ജീവനക്കാർക്ക് ശമ്പള ഇനത്തിൽ ഒരു വർഷം നൽകുന്നത് 82 ലക്ഷം രൂപയാണ്. മാസം ഒരാൾക്ക് ശരാശരി 57,000രൂപ.
അതേസമയം, 19 മന്ത്രിമാരുടെ വെബ്സൈറ്റുകളുടെ വാർഷിക പരിപാലന ചെലവ് 18 ലക്ഷം രൂപയേ വരൂ. രണ്ട് ഉദ്യോഗസ്ഥർക്കാണ് വെബ്സൈറ്റുകളുടെ ചുമതല.
നിയമനമാറ്റങ്ങൾ ഇന്ന് മന്ത്രിസഭയിൽ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സി.എം.ഡി അടക്കമുള്ള സുപ്രധാന തസ്തികകളിലെ നിയമനങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കെ.എസ്.ആർ.ടി.സി സി.എം.ഡി തസ്തികയിൽ അടുത്തിടെ വിരമിച്ച ചില ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഐ.എ.എസ് ഉദ്യോഗസ്ഥനാണ് കെ.എസ്.ആർ.ടി.സിയുടെ തലപ്പത്ത് എത്തുന്നതെങ്കിൽ ഐ.എ.എസ് തലത്തിൽ മാറ്റമുണ്ടാകും. അച്ചടക്ക നടപടി നേരിടുന്ന രാജുനാരായണ സ്വാമിക്ക് നിയമനം നൽകുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച ശേഷമുള്ള സ്ഥിതിഗതികളും തുടർന്ന് സ്വീകരിക്കേണ്ട നടപടികളും മന്ത്രിസഭായോഗം ചർച്ച ചെയ്തേക്കും.