കോട്ടയം: പരീക്ഷ ഹാളിൽ നിന്നും കാണാതായ ശേഷം മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ജു ഷാജിയുടെ മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മറ്റ് മുറിവുകളില്ല. വെള്ളം ഉള്ളിൽ ചെന്നുള്ള മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കൂടി വന്നശേഷമേ മരണം സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.
ആന്തരികാവയവങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് മെഡിസിൻ വിഭാഗത്തിന് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അഞ്ജു പരീക്ഷ എഴുതിയ കോളേജ് അധികൃതരാണ് മരണത്തിന് കാരണമെന്നും അവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പ്രതിഷേധിച്ചിരുന്നു.
പി.സി ജോർജ് എം.എൽ.എ മുഖ്യമന്ത്രിയുമായി സംസാരിച്ച് അഞ്ജുവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്താമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം സംസ്കരിക്കാൻ വീട്ടുകാരും ബന്ധുക്കളും തയ്യാറായത്.