മക്ക: കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറച്ചേക്കാമെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പ്രതിവർഷം 25 ലക്ഷം തീർത്ഥാടകരാണ് മക്കയിലേക്കും മദീനയിലേക്കും വരുന്നത്. സൗദി അറേബ്യയ്ക്ക് പ്രതിവർഷം 1200 കോടി ഡോളറിന്റെ വരുമാനമാണ് ഉണ്ടാകാറുള്ളത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉംറ താത്കാലികമായി നിർത്തിവച്ച സൗദി ഹജ്ജിന് ഒരുക്കങ്ങൾ നടത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു. ജൂലായ് അവസാനത്തോടെ നിറുത്തിവച്ച ഉംറ തീർത്ഥാടനം പുനരാരംഭിക്കുമെന്നാണ് അറിയുന്നത്. സൗദിയിൽ കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷമാണ്. നിരവധി തീർത്ഥാടകർ കടന്നു പോവുന്ന തുറമുഖ നഗരമായ ജിദ്ദയിൽ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെതുടർന്ന് 15 ദിവസത്തെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു.