തിരുവനന്തപുരം: ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയായെങ്കിലും നഗരത്തിലെ മിക്ക ഹോട്ടലുകളിലും ഉപഭോക്താക്കളെത്തിയില്ല. സർക്കാർ നിർദ്ദേശം അനുസരിച്ച് ക്രമീകരണങ്ങളും സജ്ജമാക്കിയിരുന്നു. എന്നാൽ പാഴ്സൽ സർവീസ് കാര്യമായി നടന്നെങ്കിലും ഇരുന്ന് ഭക്ഷണം കഴിക്കാനെത്തുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാൻ ബുദ്ധുമുട്ടുള്ള നഗരത്തിലെ 50 ശതമാനം ഹോട്ടലുകളിലും ഇരുന്ന് കഴിക്കുന്നത് ഒഴിവാക്കി പാഴ്സൽ വിതരണം തുടരുകയായിരുന്നു. ഒരു ടേബിളിൽ രണ്ടുപേരെ മാത്രമാണ് അനുവദിച്ചത്. ചായയോ മുമ്പുണ്ടായിരുന്ന പോലെ കുടിവെള്ളമോ നൽകിയില്ല. പകരം കുപ്പിവെള്ളം വാങ്ങാമെന്ന് കഴിക്കാനെത്തിയവരോട് ഹോട്ടൽ ഉടമകൾ അറിയിച്ചു. ഇത്തരത്തിലാണ് കച്ചവടം മുന്നോട്ട് പോകുന്നതെങ്കിൽ പാഴ്സൽ മാത്രമായി ചുരുക്കേണ്ടി വരുമെന്നും അവർ വ്യക്തമാക്കി. ഹോട്ടലുകളിൽ ആറടി അകലം പാലിക്കണം, ഓരോ ആൾ എഴുന്നേൽക്കുമ്പോഴും ഇരിപ്പിടം അണുവിമുക്തമാക്കണം, പോകാനും വരാനും പ്രത്യേക വാതിലുകൾ വേണം എന്നീ നിബന്ധനകൾ ചെറുകിട ഹോട്ടലുടമകൾക്ക് പ്രായോഗിക ബുദ്ധുമുട്ടുണ്ടാക്കിയതോടെ ഇരുന്ന് കഴിക്കാൻ അവസരമൊരുക്കിയിരുന്ന ഹോട്ടലുകളും പാഴ്സൽ വിതരണം മാത്രമാക്കി. നിർദ്ദേശങ്ങളിൽ ഇളവു വരുത്തിയില്ലെങ്കിൽ ചെറുകിട ഹോട്ടലുകളിൽ പാഴ്സൽ വിതരണം മാത്രമായി തുടരേണ്ടി വരുമെന്നും അവർ പറഞ്ഞു.

'' സർക്കാർ നി‌ർദ്ദേശിച്ച മാനദണ്ഡങ്ങൽ പാലിച്ച് നഗരത്തിലെ 50 ശതമാനത്തോളം ഹോട്ടലുകളിൽ മാത്രമേ ഇരുന്ന് കഴിക്കാൻ അവസരമൊരുക്കിയുള്ളൂ. മറ്റുള്ളവയ്ക്ക് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനുള്ള ബുദ്ധിമുട്ടുണ്ട്. അതിനാൽ അവയിൽ പാഴ്സൽ വിതരണം തുടരും. ഹോട്ടൽ ഉടമകളോട് എല്ലാ സുരക്ഷയും പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

- ജി.ജയപാൽ,​ സംസ്ഥാന ജനറൽ സെക്രട്ടറി,

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ