വിതുര: വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിൽ കാട്ടുമൃഗങ്ങളുടെ ശല്യം കാരണം പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ. മഴക്കാലമായതോടെയാണ് വന്യമൃഗങ്ങളുടെ ശല്യം ഇവിടെ രൂക്ഷമായത്. ഈ മേഖലയിൽ ഒരു കുട്ടിയാനയടക്കം പത്തോളം ആനകളാണ് ഭീതിയും നാശവും വിതയ്ക്കുന്നത്. കൃഷിയിടങ്ങളിൽ കയറി തെങ്ങ്, വാഴ, കവുങ്ങ്, റബർ, പച്ചക്കറി എന്നിവ വ്യാപകമായി ആനക്കൂട്ടം നശിപ്പിക്കും. ഇതുമൂലം ഉപജീവന മാർഗം മുട്ടിയ അവസ്ഥയിലാണ് ആദിവാസികൾ. ആനയ്ക്ക് പുറമേ കാട്ടുപോത്ത്, കുരങ്ങ്, പന്നി, മ്ളാവ് എന്നിവയും ഈ മേഖലയിൽ വിഹരിക്കുന്നുണ്ട്. ഇവറ്റകളുടെ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വനപാലകർക്കും മന്ത്രിക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആദിവാസികൾ പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശമാണ് വന്യമൃഗങ്ങൾ ഈ മേഖലയിൽ ഉണ്ടാക്കുന്നത്. പകൽ പോലും കാട്ടാനകളും കാട്ടുപോത്തും നാട്ടിലേക്കിറങ്ങുന്നുണ്ട്. ആദിവാസി മേഖലയ്ക്ക് പുറമെ നാട്ടിൻപുറങ്ങളിലും കാട്ടാനകളുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്.
ആനകളുടെ ചക്കപ്രീയം
ചക്കയുടെ കാലമായതോടെ കാട്ടാനകൾ ചക്ക തിന്നുന്നതിനായി കൂട്ടത്തോടെ ആദിവാസി മേഖലകളിൽ എത്തുന്നുണ്ട്. പ്ലാവിൽ കൊമ്പുകൊണ്ട് കുത്തി ചക്ക താഴെയിടും. പകൽ പോലും ആദിവാസി ഉൗരൂകളിൽ ചക്ക തേടി കാട്ടാനകൾ എത്തുന്നുണ്ട്. ഇതുമൂലം ഇപ്പോൾ ആദിവാസികൾക്ക് സ്വന്തം പുരയിടത്തിൽ നിന്ന് ചക്ക ലഭിക്കാത്ത അവസ്ഥയാണ്.
ആനക്കിടങ്ങും വൈദ്യുതവേലിയും കടലാസിൽ ഒതുങ്ങി
ആനശല്യത്തിന് തടയിടാൻ വനംവകുപ്പ് ആരംഭിച്ച ആനക്കിടങ്ങ്, വൈദ്യുതവേലി നിർമ്മാണം കടലാസിലൊതുങ്ങി. കാട്ടുമൃഗശല്യം തടയാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അനവധി തവണ വിതുര, തൊളിക്കോട്, ആര്യനാട് പഞ്ചായത്തുകളിലെ ആദിവാസികൾ സമരപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിൽ കയറിയ ഒരു വീട്ടമ്മയെയും കല്ലാർ ആറാനക്കുഴിയിൽ നിന്നും വനത്തിലൂടെ മക്കി ധർമ്മക്ഷേത്രത്തിലേക്ക് പുറപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനും പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയുടെ മകൻ ധരണീന്ദ്രൻ കാണിയും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മാത്രമല്ല ആറാനക്കുഴി, മൊട്ടമൂട് മേഖലയിൽ നിന്നും സ്കൂളിലേക്ക് പുറപ്പെട്ട് വിദ്യാർത്ഥികളെയും കാട്ടാന ആക്രമിച്ചിട്ടുണ്ട്. പഞ്ചായത്തിൽ പൊടിയക്കാലയ്ക്ക് പുറമേ ഏറ്റവും കൂടുതൽ കാട്ടാനശല്യമുള്ള സ്ഥലം കൂടിയാണ് കല്ലാർ. ആനയ്ക്ക് പുറമേ കുരങ്ങ് ശല്യവും രൂക്ഷമാണ്. കല്ലാർ മൊട്ടമൂട് മേഖലയിൽ പുലിശല്യവും ഉണ്ട്. പ്രശ്നത്തിന് ഉടൻ പരിഹാരമായില്ലെങ്കിൽ സമര പരിപാടികൾക്കൊരുങ്ങുകയാണ് നാട്ടുകാർ.
വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങൾ
കല്ലാർ
മംഗലകരിക്കകം
മൊട്ടമൂട്
കൊമ്പ്രാംകല്ല്
ചണ്ണനിരവട്ടം
ചാമക്കാല
അല്ലത്താര
മണലി
പൊടിയക്കാല
ചാത്തൻകോട്
ചെമ്മാംകാല
ആറാനക്കുഴി