തിരുവനന്തപുരം : സർക്കാർ ഡോക്ടർമാരെ ഇനി വീട്ടിലിരുന്ന് കാണാം. ടെലി മെഡിസിൻ കൺസൾട്ടേഷൻെറ ലോഞ്ചിംഗ് മന്ത്രി കെ.കെ. ശൈലജ ആദ്യ ടെലി കൺസൾട്ടേഷൻ സ്വീകരിച്ചുകൊണ്ട് നിർവഹിച്ചു.
സിഡാക് (മൊഹാലി) വികസിപ്പിച്ച ഓൺലൈൻ പ്ലാറ്റ്‌ഫോം സംസ്ഥാനത്തിന് ഇണങ്ങും വിധം മാറ്റുകയായിരുന്നു. രണ്ട് ദിവസത്തെ ട്രയൽ റണ്ണും പൂർത്തിയാക്കി. ഇ - സഞ്ജീവനി എന്നാണ് പേര്.
കൊവിഡ് വ്യാപനത്തെ തുടർന്ന് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി ജനങ്ങൾക്ക് മികച്ച വൈദ്യസഹായം നൽകാനാണ് ടെലി കൺസൾട്ടേഷൻ തുടങ്ങിയതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സേവനം സൗജന്യമാണ്. ജീവിതശൈലീ രോഗികൾ, മാനസികാരോഗ്യ ചികിത്സ തേടുന്നവർ എന്നിവർക്കുള്ള ചികിത്സകൾ കൃത്യമായി ലഭിക്കുന്നുവെന്നും നിയന്ത്രണ വിധേയമാണെന്നും ഇതിലൂടെ ഉറപ്പാക്കാം.
ടെലിമെഡിസിൻ സേവനം ലഭിക്കാൻ
ഇൻറർനെറ്റ് കണക്‌ഷനുള്ള സ്മാർട്ട് ഫോണോ, കമ്പൂട്ടറോ, ലാപ്‌ടോപ്പോ വേണം
esanjeevaniopd.in/kerala എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യണം
ലോഗിൻ ചെയ്ത ശേഷം വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് സംസാരിക്കാം.
ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഡൗൺലോഡ് ചെയ്യാം.
രാവിലെ 8 മണിമുതൽ രാത്രി 8 മണിവരെയാണ് ഒ.പി.
ആരോഗ്യ കേരളത്തിൻെറ ഏഴ് മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെ പരിശീലനം ലഭിച്ച 32 സർക്കാർ ഡോക്ടർമാരാണ് ആദ്യഘട്ടത്തിൽ സേവനം നൽകുക.
കൂടുതൽ വിവരങ്ങൾക്ക് ദിശ 1056 എന്ന നമ്പരിൽ വിളിക്കാം