theft

പരിയാരം: ലോക്ക് ഡൗൺ കാലത്ത് വിശ്വാസികൾ അകന്നുനിന്ന കാലത്ത് ക്ഷേത്രങ്ങളിൽ കവർച്ചക്കാർക്ക് കൊയ്ത്തുകാലം.. കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥ ക്ഷേതത്തിലാണ് തിങ്കളാഴ്ച രാത്രി വൻ കവർച്ച നടന്നത്. ശ്രീകോവിലിന്റെയും ഓഫീസിന്റെയും പൂട്ടുകളും നാലു ഭണ്ഡാരങ്ങളും നിരീക്ഷണ കാമറയും മോഷ്ടാക്കൾ തകർത്തു. കണ്ണൂരിൽ നിന്നെത്തിയ വിരലടയാള വിദഗ്ധരും മറ്റും പരിശോധന നടത്തിയെങ്കിലും തുമ്പൊന്നുമായില്ല.

ക്ഷേത്രത്തിന് പുറത്തുള്ള ഒരു കാമറ തകർത്ത നിലയിലും ക്ഷേത്രം ഓഫീസിലെ മേശ, അലമാര എന്നിവ തകർത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമാണുള്ളത്. ക്ഷേത്രം ഓഫീസിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയുടെ മോണിറ്ററും ഡിവിആർ സിസ്റ്റവും കവർച്ചക്കാർ എടുത്തുകൊണ്ടുപോയി.

ക്ഷേത്രത്തിന്റെ അകത്തും പുറത്തുമുള്ള നാലു ഭണ്ഡാരങ്ങളാണ് കവർച്ചക്കാർ തകർത്തത്. ഒരു സ്റ്റീലിന്റെ ഭണ്ഡാരം ഇളക്കിക്കൊണ്ടുപോയി. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന പഞ്ചലോഹ വിഗ്രഹം യഥാസ്ഥാനത്ത് തന്നെയുണ്ടായിരുന്നു. ചുറ്റമ്പലത്തിന്റെ മുകളിലൂടെയാണ് കവർച്ചക്കാർ അകത്തേക്ക് കയറിയതെന്നാണ് അനുമാനം.

ക്ഷേത്രപരിസരത്തുള്ള എൻജിനിയറിംഗ് കോളജിന്റെ ഹോസ്റ്റൽ ക്വാറന്റൈൻ കേന്ദ്രമായതിനാൽ രാത്രി 12 വരെ പരിയാരം പൊലീസ് ഈ പരിസരത്തുണ്ടായിരുന്നു. അതിനുശേഷമാണ് ക്ഷേത്രത്തിൽ കവർച്ച നടന്നത്.

ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് ഒരാഴ്ച മുമ്പ് ക്ഷേത്രകമ്മിറ്റിക്കാർ ഭണ്ഡാരങ്ങൾ തുറന്ന് പണമെടുത്തിരുന്നത്. അതിനാൽ ഭണ്ഡാരങ്ങളിൽ കൂടുതൽ പണമൊന്നും കാണാൻ സാധ്യതയില്ലെങ്കിലും കവർച്ചക്കാർ വരുത്തിയ നാശനഷ്ടങ്ങൾ വലുതാണ്. ശുദ്ധിക്രിയ ഉൾപ്പെടെയുള്ള കർമങ്ങൾക്കുള്ള തുകയും കണ്ടെത്തണം. മുമ്പും പലതവണ ഈ ക്ഷേത്രത്തിൽ കവർച്ച നടന്നിട്ടുണ്ട്. കൂടാതെ ദിവസങ്ങൾക്ക് മുമ്പ് സമീപ പ്രദേശമായ നരീക്കാംവള്ളിയിലെ വീട്ടിൽനിന്ന് പത്തുപവനോളം സ്വർണാഭരണങ്ങളും കവർന്നിരുന്നു.