vsc

തിരുവനന്തപുരം: മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ ബി.കോം വിദ്യാർത്ഥിനി അഞ്ജു ഷാജിക്കെതിരെ ഉയരുന്ന കോപ്പിയടി ആരോപണങ്ങളുടെ നിജസ്ഥിതി പൊലീസിന് നിഷ്‌പ്രയാസം കണ്ടെത്താം. ഹാൾടിക്കറ്റിന്റെ പിൻഭാഗത്ത് പാഠഭാഗങ്ങൾ എഴുതിക്കൊണ്ടുവന്നതായി കോളേജ് അധികൃതരും ഹാൾടിക്കറ്റിൽ കണ്ട കൈയക്ഷരം അഞ്ജുവിന്റേതല്ലെന്ന് പിതാവ് ഷാജിയും ആവർത്തിക്കുമ്പോൾ തിരുവനന്തപുരത്ത് ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ഒറ്റ പരിശോധനയിൽ സത്യം തെളിയും.

ഒരുകോടിയിലേറെ രൂപ വിലവരുന്ന അമേരിക്കൻനിർമ്മിത വീഡിയോസ്‌പെക്ട്രൽ കമ്പാര​റ്റർ (വി.എസ്.സി-5000) എന്ന അത്യാധുനിക ഉപകരണത്തിലാണ് കൈയക്ഷരപരിശോധന. ഒ​റ്റ കേസിൽപോലും ഫലം പാളിയിട്ടില്ല, ചില കേസുകളിൽ പ്രതികൾക്ക് വധശിക്ഷവരെ കിട്ടി. വ്യാജകരാറുകൾ, ചെക്കുകൾ, ആത്മഹത്യാക്കുറിപ്പുകൾ, ഉടമ്പടികൾ, പാസ്‌പോർട്ട് തിരുത്തൽ, കള്ളനോട്ട്, വിൽപ്പത്രം, വ്യാജരേഖകൾ തുടങ്ങി പ്രതിവർഷം ആയിരത്തിലേറെ കേസുകളിലാണ് ഫോറൻസിക് ലാബിലെ ഡോക്യുമെന്റ്സ് വിഭാഗം കൈയക്ഷര പരിശോധന നടത്തുന്നത്.
ഓരോ വ്യക്തിയുടെയും കൈയക്ഷരം സമാനതകളില്ലാത്തതാണെന്ന അടിസ്ഥാനതത്വമാണ് കൈയക്ഷരപരിശോധനയുടെ കാതൽ. കൈയെഴുത്ത്, അക്ഷരങ്ങളുടെ ചരിവ്, വലിപ്പം, എഴുത്തിന്റെ ഒഴുക്ക്, വേഗത, വാക്കുകളുടെയും അക്ഷരങ്ങളുടെയും അകലം, കൂട്ടിച്ചേർക്കൽ, എഴുതാനുപയോഗിച്ച സമ്മർദ്ദം, മഷിയുടെ സ്വഭാവം തുടങ്ങിയ നിരവധി ഘടകങ്ങൾ അതീവസൂക്ഷ്മമായി പരിശോധിക്കുന്ന ഉപകരണമാണ് വീഡിയോസ്‌പെക്ട്രൽ കമ്പാര​റ്റർ.

കോളിളക്കമുണ്ടാക്കിയ വർക്കല സലിം കൊലക്കേസിൽ ഒന്നാംപ്രതി ഷെരീഫിനെ വധശിക്ഷയ്ക്ക് വിധിച്ചത് കൈയക്ഷരപരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു. കൊലയ്ക്ക് മുൻപ് സിംകാർഡെടുക്കാൻ പാസ്‌പോർട്ടിന്റെ പകർപ്പിൽ തിരുത്തൽവരുത്തിയതും ഡയറിയിലെ കൈയക്ഷരവും സമാനമാണെന്ന് ലാബിലാണ് കണ്ടെത്തിയത്. തൊടുപുഴ ന്യൂമാൻകോളേജ് അദ്ധ്യാപകൻ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാ​റ്റിയ കേസിൽ വിവാദ ചോദ്യപേപ്പറിന്റെ കൈയെഴുത്തുപ്രതി പരിശോധിച്ചതും ഫോറൻസിക് ലാബിലാണ്. സോളാർകേസിൽ സരിതയും ബിജുരാധാകൃഷ്ണനുമുണ്ടാക്കിയ ഉടമ്പടികൾ, ചെക്കുകൾ, രേഖകൾ എന്നിവയിലെ കൈയക്ഷരപരിശോധനയും ലാബിൽ നടത്തിയിട്ടുണ്ട്.

പരിശോധനയ്ക്ക് കോടതി പറയണം

ഹാൾടിക്കറ്റിലെ കൈയക്ഷരത്തിന്റെ നിജസ്ഥിതി മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്താനാവുമെങ്കിലും പൊലീസിനോ സ്വകാര്യ ഏജൻസികൾക്കോ കൈയക്ഷരപരിശോധനയ്ക്ക് ലാബിന് കൈമാറാനാവില്ല. കോടതി നിർദ്ദേശപ്രകാരം മാത്രമേ കൈയക്ഷരപരിശോധന നടത്താനാവൂ. പരിശോധിക്കാനുള്ള അടിസ്ഥാനരേഖ കോടതിയാണ് നൽകുക.

വീഡിയോ സ്‌പെക്ടട്രൽ കമ്പാര​റ്റർ
കമ്പ്യൂട്ടർ, കാമറകൾ, കളർചാർജ് ഡിവൈസുകൾ, ഊർജസ്രോതസുകൾ എന്നിവയടങ്ങിയ ഉപകരണം. വിസിബിൾ, ഇൻഫ്രാറെഡ്, ലൂമിനസെൻസ്, അൾട്രാവയല​റ്റ്, കോക്സിക്കൽ, ട്രാൻസ്‌മി​റ്റഡ് തുടങ്ങിയ വിവിധ തരംഗദൈർഘ്യമുള്ള പ്രകാശകിരണങ്ങൾ ഉപയോഗിച്ചാണ് രേഖകളുടെ പരിശോധന.

സരിതയുടെ കത്തും

സ്വാമിയുടെ റീത്തും

സരിത എസ്.നായർ എഴുതിയതെന്ന പേരിൽ പ്രചരിച്ച ജോസ് കെ. മാണിക്കെതിരായ വിവാദ കത്തിന്റെ നിജസ്ഥിതിയറിയാൻ കൈയക്ഷരപരിശോധനയ്ക്ക് പൊലീസ് ഒരുങ്ങിയെങ്കിലും പരാതിക്കാരനായ ജോസ് കെ.മാണി പിന്മാറിയതിനാൽ പരിശോധിച്ചില്ല. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസിലെ പ്രതികളെ കണ്ടെത്താൻ, ആശ്രമത്തിന്റെ ഗേറ്റിൽ വച്ച റീത്തിലെ എഴുത്തിന്റെ കൈയക്ഷരം കണ്ടെത്താനും പൊലീസ് ശ്രമിച്ചിരുന്നു.