kovalam-fc

സ്വന്തം ഫുട്ബാൾ അക്കാഡമിയും ഹോസ്റ്റലുമായി കോവളം എഫ്.സി വളർച്ചയിലേക്ക്

തിരുവനന്തപുരം : ഒരു പതിറ്റാണ്ടോളം മുമ്പ് തിരുവനന്തപുരത്തിന്റെ തീരദേശത്തിരുന്ന് എബിൻ റോസ് എന്ന സന്തോഷ് ട്രോഫി താരവും അഭ്യുദയകാംക്ഷികളും കണ്ട സ്വപ്നം പുതിയ വഴിത്തിരിവിലേക്ക്. സ്വന്തമായി അക്കാഡമിയും ഹോസ്റ്റലും 25 വർഷത്തേക്ക് പാട്ടത്തിനെടുത്ത ഭൂമിയിൽ ഫിഫ നിഷ്കർഷിക്കുന്ന മാനദണ്ഡത്തോടെയുള്ള പുൽമൈതാനമൊക്കെയായി കേരള ഫുട്ബാളിന് മുതൽക്കൂട്ടായി മാറിയിരിക്കുകയാണ് എബിൻ റോസിന്റെ സ്വപ്നമായ കോവളം എഫ്.സി.

കോവളത്തിന് സമീപം അരുമാനൂരിൽ എം.വി.എച്ച്.എസിന്റെ സ്ഥലത്താണ് കോവളം എഫ്.സിയുടെ ഗ്രൗണ്ടും ഹോസ്റ്റലും. കോവളം എഫ്.സിയുടെ അക്കാഡമിക്ക് കീഴിലാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. നിലവിൽ 40 ഒാളം കുട്ടികൾക്ക് താമസിച്ച് പഠിക്കാനും പരിശീലിക്കാനുമുള്ള സൗകര്യമാണ് ഹോസ്റ്റലിൽ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം 15 കുട്ടികളുമായി പ്രവർത്തനം തുടങ്ങിയ അക്കാഡമി ഈ അദ്ധ്യയന വർഷത്തോടെ കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകിയിരിക്കുകയാണ്. തീരദേശത്തെ കുട്ടികൾക്ക് പരിശീലനം നൽകുകയാണ് പ്രധാന ലക്ഷ്യമെങ്കിലും കേട്ടറിഞ്ഞ് കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്നുപോലും ഇവിടെ കുട്ടികൾ എത്തുന്നുണ്ട്.

അണ്ടർ 10, 13, 16, റിസർവ് ടീം, സീനിയർ ടീം എന്നിങ്ങനെയാണ് അക്കാഡമിയിലെ ടീമുകളുടെ ഘടന. അണ്ടർ 15 ഐ ലീഗിലും കേരള പ്രിമിയർ ലീഗിലും സാന്നിദ്ധ്യമറിയിച്ച കോവളം എഫ്.സി വനിതാ ടീമും രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ സീസൺ കേരള പ്രിമിയർ ലീഗിൽ കോവളം എഫ്.സി സീനിയർ ടീം കേരള ബ്ളാസ്റ്റേഴ്സിന്റെ റിസർവ് ടീമിനെ എവേ മാച്ചിൽ തോൽപ്പിച്ചിരുന്നു.

ടി.ജെ. മാത്യു പ്രസിഡന്റായും ചന്ദ്രഹാസൻ ചെയർമാനായുമുള്ള ഡയറക്ടർ ബോർഡാണ് ക്ളബിന്റെയും അക്കാഡമിയുടെയും പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഫൗണ്ടിംഗ് മെമ്പർ കൂടിയായ തിരുവനന്തപുരം എം.പി. ശശി തരൂരിന്റെ അകമഴിഞ്ഞ പിന്തുണയുമുണ്ട്.സ്വന്തം ഭൂമിയിൽ ഒരു ഗ്രൗണ്ട് എന്ന സ്വപ്നത്തിന് പിന്നാലെയാണ് ഇപ്പോൾ ക്ളബ് അധികൃതർ.

ഇംഗ്ളീഷ് പ്രിമിയർ ലീഗ് ക്ളബ് ആഴ്സനലുമായി പരിശീലന പങ്കാളിത്തത്തിനുള്ള പദ്ധതികൾ പാതി വഴിയിലെത്തിയപ്പോഴാണ് കൊവിഡ് കാരണം നിറുത്തിവയ്ക്കേണ്ടത്. കഴിഞ്ഞ വർഷം ആഴ്സനലിന്റെ യൂത്ത് ടീം പരിശീലകൻ ക്രിസ് ആബേൽ കോവളം എഫ്.സി സന്ദർശിച്ചിരുന്നു. ഇത്തവണ സ്പാനിഷ് ലീഗിൽ നിന്ന് ടാലന്റ് ഹണ്ടിനായി ഒരു ക്ളബ് എത്താനിരുന്നതുമായിരുന്നു.

സംസ്ഥാന നിലവാരമുള്ള ഒരുപിടി താരങ്ങളെ വാർത്തെടുക്കാൻ കോവളം എഫ്.സിക്ക് കഴിഞ്ഞിട്ടുണ്ട്. സന്തോഷ് ട്രോഫി നേടിയ കേരള ടീമംഗമായ സജിത്ത് പൗലോസ്, ഡൽഹിക്ക് വേണ്ടി സന്തോഷ് ട്രോഫി കളിച്ച സ്കൈലൻ ഡെന്നിസ്, യൂണിവേഴ്സിറ്റി താരങ്ങളായ ബെനിസ്റ്റൺ ആന്റണി, അഥീഷ്, ഇന്ത്യൻ അണ്ടർ 15 റിസർവ് ടീമംഗമായിരുന്ന മിഥുൻ മത്യാസ് തുടങ്ങിയവർ കോവളം എഫ്.സിയിലൂടെ കളി മികവ് കണ്ടെത്തിയവരാണ്.

എബിൻ റോസിനെകൂടാതെ ഡിസ്‌പിൻ ദാസ്, ബിജു, അഥീഷ്, സാംസൺ എന്നിവരാണ് ഇപ്പോൾ പരിശീലന സംഘത്തിലുള്ളത്.

''തിരുവനന്തപുരം ജില്ലയുടെ ഫുട്ബാൾ മുദ്ര‌യായി കോവളം എഫ്.സിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. സ്വന്തമായി ഹോസ്റ്റൽ സൗകര്യങ്ങളുള്ള മറ്റൊരു അക്കാഡമി കേരളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല. വർഷങ്ങളുടെ പ്രയത്ന ഫലമായാണ് ഈ നിലയിലെത്തിയത്. ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്.

എബിൻ റോസ്, പരിശീലകൻ

കോവളം എഫ്.സിയുടെ പ്രവർത്തനങ്ങൾ കേരളത്തിന് മാതൃകയാണ്. പുതിയ കുട്ടികളെ കണ്ടെത്താനും അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാനും ഇവർ കാണിക്കുന്ന ആവേശം കേരളത്തെ പഴയ ഫുട്ബാൾ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കും.

ജോബി ജസ്റ്റിൻ,

ഇന്ത്യൻ ഫുട്ബാളർ