തിരുവനന്തപുരം:പുഴ മാലിന്യമുക്തമാക്കി നിലനിറുത്താൻ ആവിഷ്‌കരിച്ച കിള്ളിയാർ മിഷന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയിലെ പ്രധാന ജലസ്രോതസായ കിള്ളിയാറിന്റെ തീരത്ത് സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ബാംബൂ കോർപറേഷനും ബാംബൂ മിഷനും 5000 മുളതൈകൾ നട്ടു. നെടുമങ്ങാട് പഴകുറ്റിയിൽ നടന്ന മുള നടീൽ മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും പനവൂർ, ആനാട്,അരുവിക്കര,കരകുളം ഗ്രാമപഞ്ചായത്തുകളിലുമായി കിള്ളിയാർ ഒഴുകുന്ന കരിഞ്ചാത്തിമൂല മുതൽ വഴയില വരെയുള്ള 22 കിലോമീറ്റർ പ്രദേശത്താണ് മുളയും ഈറയും നട്ടത്. നെടുമങ്ങാട് നഗരസഭയ്ക്ക് കീഴിലെ സാമൂഹ്യ ഓൺലൈൻ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനവും ലൈഫ് പദ്ധതിയിലൂടെ നെടുമങ്ങാട് നഗരസഭ പരിധിയിൽ 1515 വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി നടത്തി. സി. ദിവാകരൻ എം.എൽ.എ, കിള്ളിയാർ മിഷൻ ചെയർമാൻ ഡി.കെ.മുരളി എം.എൽ.എ, നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു. മിഷൻ കൺവീനറും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ബി.ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്.അനിത, ഐ.മിനി, ആനാട് സുരേഷ്, കിഷോർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നടീൽ പ്രവർത്തനങ്ങൾ നടത്തി.