ന്യൂഡൽഹി : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്ര വ്യാജ സത്യവാങ്മൂലം നൽകിയാണ് ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ പ്രസിഡന്റായത് എന്ന പരാതിയിൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ ഇടപെടൽ.
കഴിഞ്ഞ ദിവസം ഐ.ഒ.എ വൈസ് പ്രസിഡന്റ് സുധാംശു മിത്തലാണ് ഇത് സംബന്ധിച്ച പരാതി ഐ.ഒ.സിക്ക് നൽകിയത്. ഹോക്കി ഇന്ത്യ പ്രസിഡന്റായിരുന്നത് മറച്ചുവച്ച് ബത്ര അന്താരാഷ്ട്ര ഫെഡറേഷനിൽ പ്രഡിഡന്റായി മത്സരിച്ചു എന്നതാണ് മിത്തലിന്റെ പരാതി.
ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച് ഇത് സംബന്ധിച്ച് ബത്രയോട് വിശദീകരണം ആവശ്യപ്പെട്ടു. പരാതിയിൽ കഴമ്പില്ലെന്നും തന്റെ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢ നീക്കമാണിതെന്നും ബത്ര ബാച്ചിന് വാട്ട്‌സാപ്പിൽ മറുപടി നൽകിയതായി അറിയുന്നു. കുടുംബത്തിലെ ഏഴ് പേർക്ക് കൊവിഡ് ബാധിച്ചതിനാൽ ക്വാറന്റൈനിലാണ് ബത്ര.