തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ട്രോളിംഗ് നിരോധനം നിലവിൽ വന്നപ്പോൾ വിഴിഞ്ഞം തീരം ചാകരക്കോളിന്റെ പ്രതീക്ഷയിലാണ്. എന്നാൽ തിരക്ക് വർദ്ധിച്ചതോടെ കൊവിഡ് നിയന്ത്രണങ്ങൾ വലപൊട്ടിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സീസണിന്റെ ആദ്യനാളായ ഇന്നലെ തിരത്ത് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ലേലവും വില്പനയും സാധാരണ പോലെ നടന്നപ്പോൾ പൊലീസിന് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. സാധാരണ ട്രോളിംഗ് നിരോധന ദിനങ്ങളിൽ കൊല്ലം ഉൾപ്പെടെയുള്ള തുറമുഖങ്ങൾ നിശ്ചലമാകുമ്പോൾ പരമ്പരാഗത വള്ളങ്ങൾ മാത്രമുള്ള ജില്ലയിലെ ഏക മത്സ്യ ബന്ധന തുറമുഖമായ വിഴിഞ്ഞത്ത് ഉത്സവപ്രതീതിയാണ്. സമീപ ജില്ലകളിൽ നിന്നെല്ലാം മത്സ്യത്തൊഴിലാളികൾ വള്ളവും വലയുമായി വിഴിഞ്ഞത്തെത്തും. കൊവിഡ് ഭീക്ഷണിയുള്ളതിനാൽ തമിഴ്നാട്ടിൽ നിന്നും ഇക്കുറി തൊഴിലാളികൾക്ക് ഇവിടെയെത്താൻ നിയന്ത്രണമുണ്ട്. എന്നാൽ അതിർത്തി തീരത്തുനിന്നും ഇവിടേക്കെത്തുന്ന മത്സ്യതൊഴിലാളികളുടെ കൂട്ടത്തിൽ തമിഴ്നാട് സ്വദേശികളും എത്തിയാൽ കണ്ടെത്താനാകില്ല. ലേലത്തിനും മറ്റുമായി ധാരാളം പേരെത്തുന്നതിനാൽ സാമൂഹ്യഅകലം പാലിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്.
കൊഞ്ച് മുതൽ വാള വരെ
കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴ തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുന്നതാണ്. സീസണിൽ നല്ല മഴകിട്ടിയാൽ കടൽ കലങ്ങി മത്സ്യം കൂടുതൽ കിട്ടുമെന്നാണ് തൊഴിലാളികൾ പറയുന്നത്. സീസണിന്റെ ആദ്യ നാളുകളിൽ കൊഞ്ചും (ചെമ്മീൻ) കണവയുമാണ് ധാരാളമായി ലഭിക്കുന്നത്. തുടർച്ചയായി വലുതും ചെറുതുമായ മത്സ്യങ്ങളുടെ ചാകര ഉണ്ടാകും. കണവ തന്നെ രണ്ടിനം ഉണ്ട് - കല്ലൻ കണവയും ഓലക്കണവയും. ചൂരയും അയലയും ക്ലാത്തിയുമൊക്കെയാണ് സാധാരണ കിട്ടുന്നത്. കർക്കടകത്തിൽ വാള മത്സ്യം ധാരാളമായി ലഭിക്കും. ഇന്നലെ കൂടുതലായി ലഭിച്ചത് ചൂരയും നവരയുമായിരുന്നു.
സൗകര്യങ്ങളും പ്രതിരോധവും ഇങ്ങനെ
തീരത്ത് എത്തുന്നവരെ തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിക്കും
കെ.എസ്.ആർ.ടി.സി വിഴിഞ്ഞം ഡിപ്പോയിൽ നിന്നും രാത്രി ബസ് സർവീസ് നടത്തും
ഭക്ഷണശാലകൾ രാത്രിയും തുറന്നു പ്രവർത്തിക്കാൻ അനുമതി
കെ.എസ്.ഇ.ബിയും വിഴിഞ്ഞം ഇടവകയും വെളിച്ചം സജ്ജീകരിക്കും
സുരക്ഷയ്ക്ക് തീരസംരക്ഷണസേനയും തീരദേശ പൊലീസും
കടലിൽ പട്രോളിംഗ് ശക്തമാക്കും