തിരുവനന്തപുരം: സംസ്ഥാനത്ത് ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ഭക്തരെ മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശിപ്പിച്ചു തുടങ്ങി. എസ്.എൻ.ഡി.പിയുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളും തുറന്നു. അതേസമയം എൻ.എസ്. എസ്, ക്ഷേത്ര സംരക്ഷണ സമിതി, വിശ്വഹിന്ദു പരിഷത്, പ്രാദേശിക ക്ഷേത്രങ്ങൾ, സ്വകാര്യ ക്ഷേത്രങ്ങൾ എന്നിവയൊന്നും തുറന്നില്ല. ആറ്രുകാൽ ദേവി ക്ഷേത്രം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും ദർശനത്തിന് അനുമതി നൽകിയിട്ടില്ല.
ലോക്ക് ഡൗണിനെ തുടർന്ന് രണ്ടുമാസമായി അടച്ചിട്ട ശേഷം ദർശനം അനുവദിച്ച ആദ്യദിനം പല ക്ഷേത്രങ്ങളിലും തിരക്ക് വളരെ കുറവായിരുന്നു. തിരുവനന്തപുരത്ത് ശ്രീകണ്ഠേശ്വരം, തിരുവല്ലം പരശുരാമ ക്ഷേത്രം തുടങ്ങി ദേവസ്വം ബോർഡ് ക്ഷേത്രങ്ങളെല്ലാം തുറന്നു.
ക്രിസ്ത്യൻ, മുസ്ലിം ദേവാലയങ്ങളിൽ ഞായറാഴ്ചയും വെള്ളിയാഴ്ചയുമാണ് കൂടുതൽ ഭക്തർ എത്തുന്നത്. നഗര പ്രദേശങ്ങളിലുള്ള മുസ്ലിം പള്ളികൾ തുറക്കേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ആരാധനാലയങ്ങൾ തുറക്കുന്നതിലുള്ള രാഷ്ട്രീയ വാഗ്വാദം ഇന്നലെയും തുടർന്നു. കേന്ദ്രസർക്കാർ തീരുമാനം ബി.ജെ.പി തന്നെ കേരളത്തിൽ എതിർക്കുകയാണമെന്നാരോപിച്ച് കേന്ദ്രമന്ത്രി വി.മുരളീധരനെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചപ്പോൾ ക്ഷേത്രങ്ങൾ തുറക്കുന്നത് വിശ്വാസികളിൽ നിന്ന് പണം കിട്ടാനാണെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രംഗത്തുവന്നു.
ശബരിമലയിൽ ദർശന സമയത്തിന് ദേവസ്വം അധികൃതർ സമയം അനുവദിച്ചിട്ടുണ്ട്. രാവിലെ നാല് മണിക്ക് ദർശനം തുടങ്ങിയാൽ ഉച്ചയ്ക്ക് ഒരു മണിവരെയും വൈകിട്ട് 4 മുതൽ രാത്രി 11വരെയും ദർശനം അനുവദിക്കും.14നാണ് ശബരിമല നട തുറക്കുക.
.