psc

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ്സർവീസ് ( കെ.എ.എസ്) പ്രിലിമിനറി പരീക്ഷയുടെ മൂല്യനിർണ്ണയം നടത്തുന്ന ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ചോർന്നതിനെപ്പറ്റി സമഗ്രാന്വേഷണം നടത്താൻ ചെയർമാൻ എം.കെ. സക്കീറിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന പി. എസ്. സി. യോഗം തീരുമാനിച്ചു.

അന്വേഷണം നടത്തി ഉടനെ റിപ്പോർട്ട് നൽകാൻ പി.എസ്. സി ആഭ്യന്തര വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് ശേഷം മറ്റ് നടപടികൾ തീരുമാനിക്കും.പി.എസ്. സി.യുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിൽ,രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോരുന്നത് ഗൗരവമായി കാണണമെന്ന് യോഗം വിലയിരുത്തി.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിക്രമങ്ങൾ പുന:പരിശോധിക്കും.

ഫെബ്രുവരി 22ന് നടന്ന കെ.എ.എസ് പ്രിലിമിനറി പരീക്ഷയുടെ ഉത്തരക്കടലാസുകളിൽ 9000 എണ്ണം മാന്വലായി മൂല്യനിർണ്ണയം നടത്തുന്നവരുടെ പേരാണ് പരസ്യമായത്.ഇതുസംബന്ധിച്ച പി.എസ്. സി ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവ് ഒരു പാർട്ടി വക്താവാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയത്. ഇതെങ്ങനെ സംഭവിച്ചെന്നാണ് അന്വേഷിക്കുന്നത്. മൂല്യനിർണ്ണയം നടത്തുന്നവരുടെ പേര്വിവരം ചോർന്നാലും ,മൂല്യനിർണ്ണയത്തിന്റെ രഹസ്യസ്വഭാവം ഇല്ലാതാവില്ലെന്ന് ചെയർമാൻ യോഗത്തിൽ അറിയിച്ചു. ഫാൾസ് നമ്പറിട്ടാണ് ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയത്തിന് നൽകുക. മൂല്യനിർണ്ണയത്തിന് ശേഷം ശരിയായ രജിസ്റ്റർ ചേർത്താണ് ടാബുലേഷൻ നടത്തുക. ഒ.എം.ആർ മൂല്യനിർണ്ണയത്തിനുള്ള യന്ത്രം 9000 ഉത്തരക്കടലാസുകൾ ഫീഡ് ചെയ്യാതെ പുറന്തള്ളി. ഇവയാണ് 21 വിദഗ്ധർക്ക് മൂല്യനിർണ്ണയത്തിന് അയച്ചുകൊടുത്തത്. പരീക്ഷാ കൺട്രോളർക്കും വിവിധ ജോയിൻറ് സെക്രട്ടിമാർക്കും ഡെപ്യൂട്ടി സെക്രട്ടറിമാർക്കും അണ്ടർ സെക്രട്ടറിമാർക്കും വിവിധ സെക്ഷനുകളിലെ തലവൻമാർക്കും ഉത്തരവിന്റെ കോപ്പി ഡെപ്യൂട്ടി സെക്രട്ടറി അയച്ചിട്ടുണ്ട്. ഇതിലാരെങ്കിലുമാണോ ഉത്തരവ് ചോർത്തിയതെന്നും അന്വേഷിക്കും.

ആദ്യസംഭവമല്ലെന്ന്

ചെയർമാൻ

പി.എസ്.സി ഒ.എം.ആർ. ഉത്തരക്കടലാസുകൾ പുറന്തള്ളപ്പെടുന്നത് ആദ്യസംഭവമല്ലെന്ന് ചെയർമാൻ പറഞ്ഞു. എല്ലാ ഉത്തരക്കടലാസുകളും ഒരേ പേപ്പർ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. നേരത്തെ, വില്ലേജ് എക്സ്റ്റൻഷൻ ഒാഫീസർ പരീക്ഷയുടെ 1000 ഉത്തരക്കടലാസുകൾ യന്ത്രം നിരാകരിച്ചിരുന്നു. 36000 പേരാണ് ആ പരീക്ഷ എഴുതിയത്. ആ ഉത്തരക്കടലാസുകൾ വിദഗ്ധരെ ഉപയോഗിച്ച് മൂല്യനിർണ്ണയം നടത്തുകയായിരുന്നു.

കെ.എ.എസ് ഫൈനൽ

പരീക്ഷ ജൂലായിൽ

കെ.എ.എസ് പ്രിലിമിനറി പരീക്ഷയുടെ ഫലം ഇൗ മാസം പ്രസിദ്ധീകരിക്കാനും ജൂലായിൽ ഫൈനൽ എഴുത്ത് പരീക്ഷ നടത്താനും യോഗം തീരുമാനിച്ചു. രണ്ടു ദിവസമായിട്ടാവും പരീക്ഷ .തിയതിയും സ്ഥലവും പിന്നീട് തീരുമാനിക്കും.

3.30 ലക്ഷം പേരാണ് പ്രാഥമിക പരീക്ഷ എഴുതിയത്.ഏപ്രിൽ മാസത്തിൽ മൂല്യനിർണ്ണയം തുടങ്ങി.ഇതിന്റെ 90 ശതമാനവും പൂർത്തിയായി.മൂല്യനിർണ്ണയം കൂടുതൽ വേഗത്തിലാക്കാൻ കൂടുതൽ പേരെ നിയോഗിക്കാനും തീരുമാനിച്ചു.

ലോക്ക് ഡൗണിനെത്തുടർന്ന് മാറ്റിവച്ച പി.എസ്.സി പരീക്ഷകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരുമായി ചർച്ച ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ പരീക്ഷാ കൺട്രോളറോട് ആവശ്യപ്പെട്ടു. ജൂലായ് 1ന് ഇന്റർവ്യൂകൾ ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പിന് കിഴീലെ അധ്യാപക പരിശീലന കേന്ദ്രമായ ഡയറ്റിൽ അധ്യാപകനിയമനത്തിനുള്ള വിശേഷാൽ ചട്ടവും കമ്മിഷൻ അംഗീകരിച്ചു.