തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങൾ വീണ്ടും തുറക്കാനുള്ള തീരുമാനവും ശബരിമല മോഡലിൽ സർക്കാരിനെതിരെ രാഷ്ട്രീയായുധമാവുന്നു.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷ, ന്യൂനപക്ഷ ഭേദമെന്യേ വിശ്വാസികളുടെ വികാരം ഉപയോഗപ്പെടുത്താമെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷം .ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യമുയർത്തി ആദ്യം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ശബരിമലയിൽ കൈ പൊള്ളിയെന്ന് വിലയിരുത്തിയ ഇടതുസർക്കാരാവട്ടെ, തിടുക്കപ്പെട്ട് മതമേലദ്ധ്യക്ഷരുമായുമൊക്കെ സംസാരിച്ച് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചു.
എന്നാൽ, ദേവാലയങ്ങൾ ഉടനെ തുറക്കേണ്ടതില്ലെന്ന് വിവിധ മതവിഭാഗക്കാർ നിലപാടെടുത്തതോടെ, ഹിന്ദു ക്ഷേത്രങ്ങൾ തുറക്കാനുള്ള ദേവസ്വംബോർഡുകളുടെ തീരുമാനത്തിനെതിരെ സംഘപരിവാർ രംഗത്തെത്തി. ദേവസ്വത്തിന്റെ പണത്തിൽ കണ്ണ് വച്ച് സർക്കാർ, ജനങ്ങളുടെ ജീവൻ പന്താടുന്നുവെന്നാണ് വിമർശനം. സർക്കാർ അവധാനതയോടെ തീരുമാനമെടുക്കണമായിരുന്നുവെന്ന് വിമർശിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയത്, കോൺഗ്രസിലും മലക്കംമറിച്ചിലിന്റെ സൂചനയായി.
ഈ മാസം 8 മുതൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയത് കേന്ദ്രസർക്കാരാണ്. ഇതിനാവശ്യമായ മാർഗരേഖയും പുറത്തിറക്കിയതിന് പിന്നാലെയാണ് ,സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി നേതൃത്വം രംഗത്തെത്തിയത് . ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത് കേന്ദ്രസർക്കാരല്ലേയെന്ന സി.പി.എം, ഇടത് നേതൃത്വത്തിന്റെ ചോദ്യങ്ങൾ ബി.ജെ.പിയെ ഉത്തരം മുട്ടിക്കുന്നു.
ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് ക്ഷേത്രദർശനമാകാമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല പ്രസ്താവിച്ചതിന്റെ പിറ്റേന്നാണ്, സർക്കാർ തീരുമാനത്തെ വിമർശിച്ച് ആർ.എസ്.എസ് രംഗത്തെത്തിയത്. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ സംഘപരിവാർ അനുകൂല ഹൈന്ദവസംഘടനകളെ ക്ഷണിക്കാത്തതാണ് അവരെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. ആർ.എസ്.എസിന് കീഴിലുള്ള ക്ഷേത്രസംരക്ഷണസമിതിയുടെ നിയന്ത്രണത്തിൽ രണ്ടായിരത്തിയഞ്ഞൂറോളം ക്ഷേത്രങ്ങളുണ്ടെന്ന് പറയുന്നു. . ഹൈന്ദവ വിശ്വാസി സമൂഹത്തിന്റെ നേതൃത്വം അവകാശപ്പെടുക വഴി ,സംസ്ഥാന രാഷ്ട്രീയത്തിൽ കളം പിടിക്കാനുള്ള കണക്കുകൂട്ടലും ഇതിന് പിന്നിലുണ്ട്.ആർ.എസ്.എസ് വികാരം മനസ്സിലാക്കിയാണ് ബി.ജെ.പിയുടെയും വിമർശനം. കേരളത്തേക്കാൾ കൊവിഡ് രോഗികളുള്ള ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രദർശനം നടത്തിയിരിക്കെ,അതിന് വിരുദ്ധമായ നിലപാടെടുക്കുന്നത് കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നു.
ആരാധനാലയങ്ങൾ തുറക്കുന്നതിനെതിരായ വിമർശനങ്ങളുയർന്ന് തുടങ്ങിയപ്പോഴാണ്, അപകടം മണത്ത കെ.പി.സി.സി പ്രസിഡന്റിൽ നിന്ന് സൂക്ഷ്മതയോടെയുള്ള പ്രതികരണമുണ്ടായത് .ആരാധനാലയങ്ങൾ തുറക്കാൻ ശക്തമായി ആവശ്യപ്പെട്ട പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും, ഉമ്മൻ ചാണ്ടിയും, കെ.മുരളീധരനുമടക്കമുള്ളവരുടെ നിലപാടുകളുമായുള്ള വൈരുദ്ധ്യവും ഇവിടെ മുഴച്ചു നിൽക്കുന്നു.