തിരുവനന്തപുരം: നഗരത്തിൽ നിന്നു ടെക്‌നോപാർക്കിലേക്കുള്ള പ്രധാന റോഡുകളിൽ ഒന്നായ മണ്ണന്തല - പൗഡിക്കോണം - ശ്രീകാര്യം റോഡ് ഒന്നാം ഘട്ട നവീകരണത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ ആരംഭിച്ചു. ആദ്യ അതിർത്തി കല്ല് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്ഥാപിച്ചു. പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് റോഡുകൾക്ക് 14 മീറ്റർ വീതിയാണ് നിശ്ചയിച്ചതെന്ന് മന്ത്രി പറഞ്ഞു. ശ്രീകാര്യത്തുനിന്ന് ആരംഭിച്ച് പൗഡിക്കോണം വഴി മണ്ണന്തല വരെയുള്ള 7 കിലോമീറ്റർ വരുന്ന ഭാഗമാണ് രണ്ട് ഘട്ടങ്ങളിലായി നവീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ മണ്ണന്തല, കേരളാദിത്യപുരം, പൗഡിക്കോണം ജംഗ്ഷൻ റോഡ് വികസനവും രണ്ടാമത്തെ ഘട്ടത്തിൽ സൊസൈറ്റി ജംഗ്ഷൻ മുതൽ ശ്രീകാര്യം വരെയുള്ള റോഡും നവീകരിക്കും. ആദ്യ ഘട്ടത്തിന് 41.86 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചിട്ടുണ്ട്. നവീകരണത്തിനായി കിഫ്ബിയിൽ നിന്നും 200 കോടി രൂപയുടെ ഭരണാനുമതിയാണ് 2017-18 വർഷത്തെ ബഡ്ജറ്റിൽ അനുവദിച്ചിരുന്നത്.