തിരുവനന്തപുരം: വട്ടിയൂർക്കാവ് കൊടുങ്ങാനൂർ മൂന്നാംമൂട് സ്വദേശിനിയായ ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശം കടുത്ത ജാഗ്രതയിലായി. മെഡിക്കൽ കോളേജിലെ ഡാറ്റാ എൻട്രി വിഭാഗത്തിൽ ജോലി ചെയ്യുന്ന 52കാരിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ശക്തമായ പനിയും ചുമയും ഉണ്ടായതോടെ ഇവർ കുലശേഖരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് ഡോക്ടർ ഇവരോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടാൻ നിർദ്ദേശിച്ചു. തുടർന്ന് പ്രത്യേക ആംബുലൻസിൽ ആരോഗ്യപ്രവർത്തകരെത്തി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്രവപരിശോധനയ്ക്ക് ശേഷം ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്.
മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിനടുത്താണ് ഇവർ ജോലി ചെയ്തിരുന്നത്. ഇവിടെനിന്നാകാം രോഗം പകർന്നതെന്നാണ് സംശയിക്കുന്നത്. രോഗം സ്ഥിരീകരിച്ചതോടെ ഇവരുടെ ഭർത്താവും കുഞ്ഞും നിരീക്ഷണത്തിലായി. കുലശേഖരം പി.എച്ച്.സിയിൽ ഇവരെ ചികിത്സിച്ച ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, കൗണ്ടറിലെ ഒരു സ്റ്റാഫ് എന്നിവരും നിരീക്ഷണത്തിലാണ്. ചികിത്സയ്ക്കായി കുലശേഖരം ആശുപത്രിയിലെത്തിയപ്പോൾ നിരവധി രോഗികൾ ഇവിടെയുണ്ടായിരുന്നു. ആശുപത്രി അധികൃതർ കൃത്യമായ മാനദണ്ഡങ്ങളനുസരിച്ചാണ് രോഗികളെ കടത്തിവിട്ടതും ചികിത്സിച്ചതുമെങ്കിലും രോഗബാധിതയായ സ്ത്രീ ആരൊക്കെയായി സമ്പർക്കം പുലർത്തി എന്നതു സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. രോഗബാധ സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിലെ ജീവനക്കാർ ആശങ്കയിലായിട്ടുണ്ട്. ഇവരുടെ റൂട്ട്മാപ്പ് തയ്യാറാക്കാനുള്ള ശ്രമങ്ങൾ ജില്ലാഭരണകൂടം തുടങ്ങിയിട്ടുണ്ട്. കുലശേഖരം ആശുപത്രി ഫയർഫോഴ്സ് അണുവിമുക്തമാക്കി.