തിരുവനന്തപുരം: കേരള മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും എസ്.ബി.ഐയിൽ ഡെപ്യൂട്ടി ജനറൽ മാനേജരുമായിരുന്ന കെ.ജയമോഹൻ തമ്പിയുടെ (64) മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് മകൻ അശ്വിനെ (33) ഇന്നലെ രാത്രി പൊലീസ് അറസ്റ്റു ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ഒരാൾ കസ്റ്റഡിയിലാണ്. വീഴ്ചയിൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്‌ച രാവിലെയാണ് ജയമോഹൻ തമ്പിയെ വീട്ടിലെ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ മുറിയിലുണ്ടായിരുന്ന മകൻ അശ്വിൻ അബോധാവസ്ഥയിലായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് : ശനിയാഴ്‌ച പകൽ 2.30 ഓടെ ജയമോഹനും മകൻ അശ്വിനും ഇയാളുടെ സുഹൃത്തും മദ്യപിക്കാനായി വീട്ടിൽ ഒത്തുകൂടി.
മദ്യപാനത്തിനിടെ ജയമോഹനും അശ്വിനും തമ്മിൽ വാക്കേറ്റമുണ്ടായി.ജയമോഹന്റെ പഴ്‌സും എ.ടി.എം കാർഡും അശ്വിൻ ചോദിച്ചതിനെ തുടർന്നാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്.ഇതിനിടെ അശ്വിൻ അച്ഛന്റെ മൂക്കിൽ ഇടിച്ചു . ഇടിയുടെ ആഘാതത്തിൽ ജയമോഹന്റെ തലയ്ക്കും നെറ്റിക്കും മൂക്കിനും പരിക്കേറ്റു. ഈ സമയം കൂടെയുണ്ടായിരുന്ന സുഹൃത്ത് സ്ഥലംവിട്ടു. രക്തം വാർന്ന് കിടന്ന ജയമോഹനെ അശ്വിൻ ഹാളിലേക്ക് മാറ്റി. . തുടർന്ന് അശ്വിൻ സ്വന്തം മുറിയിൽ പോയി ബാക്കിയുണ്ടായിരുന്ന മദ്യം കൂടി കുടിച്ചു.
തിങ്കളാഴ്ച രാവിലെ മണക്കാട് മുക്കോലക്കൽ ദേവീ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുന്നവർ അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ ജയമോഹൻ തമ്പിയെ കണ്ടെത്തിയത്. ഫോർട്ട് പൊലീസ് സ്ഥലത്തെത്തി വീട് പരിശോധിച്ചപ്പോൾ അടുത്ത മുറിയിൽ അശ്വിനും മദ്യപിച്ച് അബോധാവസ്ഥയിൽ കിടപ്പുണ്ടായിരുന്നു. അശ്വിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇയാളെ പൊലീസ് വിട്ടയച്ചു. ജയമോഹന്റെ ദേഹത്ത് കാണപ്പെട്ട മുറിവാണ് പൊലീസിന് സംശയമുളവാക്കിയത്.തുടർന്ന്
ചൊവ്വാഴ്ച ഉച്ചയോടെ അശ്വിനെ വീണ്ടും കസ്റ്റഡിയിലെടുത്തു.വീട്ടിൽ ജയമോഹനും അശ്വിനും ഒരുമിച്ചായിരുന്നു താമസം. ഷെഫായി ജോലി നോക്കിയിരുന്ന അശ്വിൻ ലോക്ക് ഡൗൺ ആയതോടെ പണി ഇല്ലാതെ വീട്ടിലിരിക്കുകയായിരുന്നു.ഇളയമകൻ ആഷിഖ് നഗരത്തിലെ മറ്റൊരിടത്താണ് താമസം. ജയമോഹന്റെ ഭാര്യ അനിത നേരത്തെ മരിച്ചു.
ആലപ്പുഴ സ്വദേശിയായ ജയമോഹൻ 1982- 84 കാലഘട്ടത്തിൽ കേരളത്തിനായി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റ്സ് മാനായിരുന്നു.എസ്.ബി.ടിയിൽ ഔദ്യോഗികജീവിതം തുടങ്ങിയ ജയമോഹൻ ബാങ്ക് ടീമിനുവേണ്ടി ദേശീയ ടൂർണമെന്റുകളിലും കളിച്ചിട്ടുണ്ട്. എസ്.ബി.ടി. ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.