തിരുവനന്തപുരം: വാക്കുതർക്കത്തിന്റെ പേരിൽ അച്ഛൻ ജയമോഹൻ തമ്പിയെ മൂക്കിൽ ഇടിച്ചുവീഴ്‌ത്തി അബോധാവസ്ഥയിലാക്കിയതിന് പിന്നാലെ മദ്യക്കുപ്പിയുമായി അശ്വിൻ സ്വന്തം മുറിയിലേക്ക് പോയി മദ്യപാനം തുടർന്നു. ശനിയാഴ്‌ച ഉച്ചയ്‌ക്ക് 2.30നാണ്‌ ജയമോഹൻ തമ്പിയും അശ്വിനും ഇയാളുടെ കൂട്ടുകാരനും ചേർന്ന്‌ മദ്യപാനം തുടങ്ങിയത്‌. ഇതിനിടെയാണ്‌ പണത്തെച്ചൊല്ലി ബഹളമുണ്ടായത്. ഷെഫായി ജോലി നോക്കിയിരുന്ന അശ്വിൻ ലോക്ക് ഡൗൺ ആയതോടെ മദ്യപിക്കാൻ പണത്തിന് വേണ്ടിയാണ് അച്ഛനുമായി വഴക്ക് കൂടിയത്. പരിക്കേറ്റ്‌ കിടന്ന അച്ഛനെ ഈ മുറിയിൽ നിന്ന്‌ ഹാളിലാക്കിയതും അശ്വിനായിരുന്നു. തുടർന്ന്‌ ഇയാൾ സ്വന്തം മുറിയിൽ പോയി മദ്യപാനം തുടർന്നു. അച്ഛൻ മരിച്ച്‌ കിടക്കുമ്പോഴും ഇയാൾ മദ്യപിക്കുകയായിരുന്നു. മരണവിവരം അറിഞ്ഞ്‌ പൊലീസ്‌ എത്തുമ്പോഴും അശ്വിൻ മദ്യലഹരിയിൽ അബോധാവസ്ഥയിലായിരുന്നു. അതിനാൽ മൃതദേഹത്തിൽ നിന്ന്‌ വമിച്ച ദുർഗന്ധം പോലും ഇയാൾ അറിഞ്ഞില്ല. തിങ്കളാഴ്‌ച പ്രാഥമികമായി ചോദ്യം ചെയ്‌തെങ്കിലും വൈകിട്ടോടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഇയാളെ വിട്ടയക്കുകയായിരുന്നു. കുവൈറ്റിൽ ഷെഫായിരുന്ന അശ്വിൻ ജോലി മതിയാക്കി നാട്ടിലെത്തിയ ശേഷം അച്ഛനൊപ്പമായിരുന്നു താമസം. അശ്വിന്റെ ഭാര്യ അഞ്ച്‌ മാസത്തിന്‌ മുമ്പ്‌ സ്വന്തം നാട്ടിലേക്ക്‌ പോയിരുന്നു. അശ്വിന്റെ മുറിയിൽ നിന്ന്‌ നിരവധി മദ്യക്കുപ്പികൾ പൊലീസ്‌ കണ്ടെടുത്തു.