1.പരിചയമില്ലാത്ത കാര്യമാണ് ചെയ്യുന്നത് എന്നതുകൊണ്ട് പല അദ്ധ്യാപകർക്കും ഓൺലൈൻ ക്ലാസ്സ് എടുക്കുക എന്നത് പിരിമുറുക്കമുണ്ടാക്കുന്ന കാര്യമാകാം. പക്ഷേ, ഒരു കാര്യമോർക്കണം. ചിലപ്പോൾ ഇതുതന്നെയാവാം തുടർന്നുള്ള ദിവസങ്ങളിൽ അനുവർത്തിക്കേണ്ട രീതി. അതുകൊണ്ട് ഓൺലൈൻ ക്ലാസ്സിൽ അദ്ധ്യാപകർ ഉത്സാഹത്തോടെ തന്നെ കാര്യങ്ങൾ നടത്തണം.
2. നല്ല വെളിച്ചമുള്ളതോ തുറസ്സായതോ ആയ സ്ഥലങ്ങളായാൽ ക്ലാസ്സിന് ഉണർവ് കൂടുതലാകും. തോട്ടത്തിലായാൽ ഏറെ നന്ന്. ലൈബ്രറി മറ്റൊരു നല്ല സ്ഥലമാണ്.
3. അദ്ധ്യാപകർക്ക് നല്ല സമയബോധമുണ്ടാവണം. മാത്രമല്ല, പുതിയ തലമുറയിലെ കുട്ടികൾക്ക് 'ശ്രദ്ധാദൈർഘ്യം' കുറവായതിനാൽ അവർക്ക് കേട്ടിരിക്കാൻ രസകരമായിട്ടും (engaging), നൂതനശൈലിയിലും (innovative), ഏറ്റവും പുതിയ കാഴ്ചപ്പാടുകൾ( updated) ഉൾക്കൊള്ളിച്ചുമാവണം ക്ലാസ്സ് എടുക്കേണ്ടത്.
4. ഓൺലൈൻ ക്ലാസ്സ് എന്നത് ഒരു പുതിയ മാദ്ധ്യമത്തിൽ പഴയ വീഞ്ഞ് എന്ന ധാരണയുണ്ടെങ്കിൽ അത് മാറ്റി അതിനെ പൂർണമായും പ്രയോജനപ്പെടുത്തുകയാണ്‌വേണ്ടത്. ഒരു മഹാമാരി കാരണമാണെങ്കിലും നല്ലവണ്ണം പഠിപ്പിക്കാൻ കഴിവുള്ള അദ്ധ്യാപകർക്ക് ഈ പുതിയ 'ജാലകം' പ്രശസ്തിയും അംഗീകാരവുമൊക്കെനേടിക്കൊടുക്കാനുതകും.
5. ചുരുക്കം ചില അദ്ധ്യാപകർക്കെങ്കിലും ഈ പുതിയ അവസരം ഭീതിദായകമാവുന്നു എന്നുംകേൾക്കുന്നുണ്ട്. പേടിക്കേണ്ട ഒരു കാര്യവുമില്ല. രക്ഷാകർത്താക്കൾ ഇതൊരു പുതിയ സംരംഭമായിക്കണ്ട് അദ്ധ്യാപകർക്ക്‌പ്രോത്സാഹനം നൽകണം.
6. വിദ്യാലയത്തിലെ ക്ലാസ്സ്മുറികളിൽ ഒരദ്ധ്യാപകന് കിട്ടുന്ന 'ആശയസംവേദനാനന്ദം' ഓൺലൈൻ ക്ലാസ്സുകളിൽ കിട്ടണമെന്നില്ല. കാരണം ലളിതമാണ്. കേൾക്കുന്നവരുടെ പ്രതികരണം അറിയാൻ പ്രയാസമാണ് എന്നത് തന്നെ. എന്നാൽ ഇത് പൂർണമായും ശരിയല്ല. ഒരു ഓൺലൈൻ ക്ലാസ്സ് കഴിഞ്ഞശേഷം അതിനെക്കുറിച്ചുള്ള അഭിപ്രായം മെയിൽ ചെയ്യാമല്ലോ. അത്തരത്തിലുള്ള മെയിൽ,വേണമെങ്കിൽ, സ്ഥാപനങ്ങളിൽ തന്നെ സൂക്ഷിച്ചാൽ അത് ഒരു ടീച്ചറുടെ പ്രാഗത്ഭ്യത്തിന്റെരേഖയാവുകയും ചെയ്യും.
7. ദീനത്തിന്റെയും അതിജീവനത്തിന്റെയും ഓർമ്മപ്പെടുത്തലുകൾ എല്ലാ ഓൺലൈൻ ക്ലാസ്സുകളിലും ഉണ്ടാവണം. ഇതിനുവേണ്ടി മറ്റ് വീഡിയോകളും കുട്ടികളെ കാണിക്കണം. പക്ഷേ, ഇതൊക്കെ ചെയ്യുമ്പോൾ തന്നെ അദ്ധ്യാപകർക്ക് പകർപ്പവകാശ നിയമം., സൈബർ നിയമം എന്നിവയെക്കുറിച്ചൊക്കെ സാമാന്യവിവരം ഉണ്ടാവുകയുംവേണം.
8. പുതിയ പഠന സമ്പ്രദായം പൂർണമായും നിലവിൽ വരുമ്പോൾ പഠനത്തിന് പൊതുവായും വിഷയങ്ങളുടേതിന് പ്രത്യേകിച്ചും ഒരു ജനകീയ സ്വഭാവമുണ്ടാകും. ഗ്രാമമെന്നും നഗരമെന്നും പണക്കാരനെന്നും പാവപ്പെട്ടവനെന്നുമൊക്കെയുള്ള വിവേചനം ഇല്ലാതെ തന്നെ പഠനം നടത്താനാകും. (digitalഎന്ന വാക്കിന് 'ഏകം' എന്ന മഹാർത്ഥം കൂടിയുണ്ടെന്ന് അയ്യപ്പപണിക്കർ സർ ഒരു പ്രഭാഷണത്തിൽ പറഞ്ഞത് നന്ദിയോടെ സ്മരിക്കുന്നു).
9. വ്യാപകമായൊരു പഠനമാറ്റം തത്വത്തിൽ പറയുന്നപോലെ പ്രാവർത്തികമാക്കുമ്പോൾ എളുപ്പമാവണമെന്നില്ല. അതിനുള്ള തയ്യാറെടുപ്പ് അദ്ധ്യാപകർ മാത്രം ചെയ്താൽപോരാ. നല്ല ഇന്റർനെറ്റ്‌വേഗത, dedicated line, ആവശ്യമുള്ള licensed soft ware, നല്ല ആലേഖന സംവിധാനം, ഇതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചുള്ള അറിവ് എന്നിവയൊക്കെ ഉണ്ടാവണം. transmission ന്റെ വ്യക്തതപോലും ക്ലാസ്സിന്റെമേന്മയെ ബാധിക്കും.
10. 'work from home' എന്ന സമ്പ്രദായം വ്യാപകമാവുന്നതുപോലെ 'learn any time' എന്നതും നിലവിൽ വരാം. ഓരോ വിഷയത്തിനും ഒരു നിശ്ചിത നമ്പർ വീഡിയോകളും വെബിനാറുകളും മറ്റും ഒരു വിദ്യാർത്ഥികേട്ടിരിക്കണം എന്നു മാത്രം നിജപ്പെടുത്തിയാൽ മതിയല്ലോ. നാമിന്ന് ഒരു പുതിയ യുഗപ്പിറവിയുടെ ജനനമണിയാണ്‌കേൾക്കുന്നത്. ആ യുഗത്തിന് പുതിയ രീതികൾ മാത്രംപോരാ, ഒരു പുതിയ മനസ്സ് തന്നെവേണം.
( കേരള സർവകലാശാലയുടെ അക്കാദമി സ്റ്രാഫ് കോളേജ് ഫാക്കൽട്ടിയാണ് ലേഖകൻ-ഫോൺ 9447310670)
gopalmoorthy@gmail.com)