home

വെഞ്ഞാറമൂട് : പ്രകൃതി ദുരന്തത്താൽ വീട് നഷ്ട്ടപെട്ട കുഞ്ഞുമോന്റെ മക്കളുടെ ഓൺലൈൻ പഠനവും പെരുവഴിയിൽ. വാമനപുരം ആനകുടി മേലാറ്റുമൂഴി സ്വദേശി കുഞ്ഞുമോനും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ. ബുദ്ധിമുട്ടുകൾ പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നിയമക്കുരുക്കുകൾ കീറാമുട്ടിയായി. പഞ്ചായത്തിൽ നിന്ന് മണ്ണും വീടും പദ്ധതി പ്രകാരം ലഭിച്ച വീട് മണ്ണിടിച്ചിലിൽ വിണ്ടുകീറി. സ്ഥലം സന്ദർശിക്കാനെത്തിയ തഹസിൽദാരും പഞ്ചായത്തു സെക്രട്ടറിയും വാസയോഗ്യമല്ലാത്ത വീട്ടിൽ താമസിക്കുന്നത് വിലക്കി. വാടകയും കറണ്ട് ബില്ലും പഞ്ചായത്ത് നൽകാമെന്ന പ്രസിഡന്റിന്റെ ഉറപ്പിലാണ് വാടകക്കെട്ടിടത്തിലേക്ക് മാറുന്നത്. ഒടുവിൽ വാടകകൊടുക്കാനുള്ള വകുപ്പില്ലെന്ന് പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും കൈയൊഴിഞ്ഞു. വീടുവച്ച വകയിലുള്ള കടം, മക്കളുടെ പഠിത്തം, വീട്ടുചെലവ് ഇതെല്ലാം കൂലിവേലക്കാരന്റെ വരുമാനത്തിൽ ഒതുങ്ങാതായതോടെ വാടകവീട് ഉപേക്ഷിച്ചു. ആനകുടി, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനവിദ്യ കേന്ദ്രത്തിന്റെ മുന്നിൽ ടാർപ്പ കെട്ടിയാണ് ഇപ്പോൾ താമസം. ഷെഡ് പൊളിച്ചുമാറ്റണമെന്ന അധികാരികളുടെ ഭീഷണി വേറെ. ഓൺലൈൻ ക്ളാസ് തുടങ്ങിയതോടെ ചിത്രരചനയിലും ക്ലെ മോഡലിംഗിലും സംസ്ഥാനതല വിജയി കൂടിയായ എട്ടാം ക്ലാസുകാരൻ ഗൗതം കൃഷ്ണയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഗൗരി കൃഷ്ണയും വിഷമത്തിലായി. കടം മറിച്ച് കുഞ്ഞുമോൻ ഒരു മൊബൈൽ വാങ്ങിയെങ്കിലും ചാർജ് ചെയ്യാൻ കറണ്ട് ഇല്ലാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ എന്തു ചെയ്യണമെന്നറിയത്ത അവസ്ഥയിലാണ് കുഞ്ഞുമോനും ഭാര്യയും. "കൂട്ടത്തിൽ ഒരാളെ കൊലയ്ക്ക് കൊടുത്താലേ അധികാരികൾ കണ്ണുതുറക്കൂ എങ്കിൽ, അതും ചെയ്യാം..." കൊച്ചുമക്കളുടെ സങ്കടം കണ്ടുനിൽക്കാനാകാതെ കുഞ്ഞുമോന്റെ അമ്മയുടെ വാക്കുകൾ നിയന്ത്രണം വിട്ടു. തങ്ങളുടെ നിസഹായത അധികൃതർ മനസിലാക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.