covid-19

തൃശൂർ: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച ഡിന്നി ചാക്കോയുടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്ക്കരിക്കുന്നത് അനിശ്ചിതത്വത്തില്‍. ചാലക്കുടി തച്ചുടപ്പറമ്പ് സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിലാണ് ഡിന്നി ചാക്കോയുടെ മൃതദേഹം സംസ്ക്കരിക്കേണ്ടത്. പള്ളി സെമിത്തേരിയില്‍ തന്നെ സംസ്ക്കരിക്കണമെന്നാണ് ബന്ധുക്കളുടെ നിലപാട്. അതേസമയം, പന്ത്രണ്ടടി താഴ്ത്തി പള്ളി സെമിത്തേരിയില്‍ കുഴിയെടുക്കാന്‍ ചതുപ്പു പ്രദേശമായതിനാല്‍ സാധിക്കില്ലെന്ന് നാട്ടുകാരും പള്ളി അധികൃതരും പറയുന്നു.

കൊവിഡ് മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് പന്ത്രണ്ടടിയുടെ കുഴിയെടുക്കണം. അഞ്ചടി താഴ്ത്തുമ്പോഴേക്കും വെള്ളമാകുന്ന പ്രദേശമാണിത്. നിലവില്‍ പള്ളിയുടെ സെമിത്തേരിയില്‍ കോണ്‍ക്രീറ്റ് അറകളിലാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത്. കൊവിഡ് നിയമപ്രകാരം ഇതു സാധിക്കില്ല. വൈദ്യുതി ശ്മശാനത്തില്‍ സംസ്ക്കരിച്ച ശേഷം അവശിഷ്ടങ്ങള്‍ സെമിത്തേരിയിലെ അറകളില്‍ സൂക്ഷിക്കാമെന്ന് പള്ളി അധികൃതര്‍ നിലപാടെടുത്തു. ഈ നിലപാട് സമ്മതിക്കില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ക്രൈസ്തവ വിശ്വാസ പ്രകാരം സെമിത്തേരിയില്‍ മൃതദേഹം സംസ്ക്കരിക്കണമെന്ന് ബന്ധുക്കള്‍ പറ‍ഞ്ഞു. ചാലക്കുടി നഗരസഭാ അധികൃതരും ആരോഗ്യപ്രവര്‍ത്തകരും സെമിത്തേരിയില്‍ എത്തി സ്ഥലം പരിശോധിച്ചു. സെമിത്തേരിയില്‍ കുഴിച്ചിടാന്‍ അനുമതി നല്‍കാമെന്ന് ഈ സംഘം പറഞ്ഞെങ്കിലും നാട്ടുകാരും ഇടവക ഭാരവാഹികളും സമ്മതിച്ചിട്ടില്ല. തര്‍ക്കം നീണ്ടുപോയതോടെ സംസ്ക്കാരവും പ്രതിസന്ധിയിലായി. തീരുമാനം ജില്ലാ കളക്ടര്‍ക്ക് വിട്ടിരിക്കുകയാണ്.