emirates

മുംബയ്: വിമാന കമ്പനിയായ എമിറേറ്റ്‌സ് ഇന്ത്യക്കാരടക്കം 600 പൈലറ്റുമാരെ പിരിച്ചുവിട്ടു. ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം എമിറേറ്റ്‌സ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നെങ്കിലും, എത്ര പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് വ്യക്തമാക്കിയിരുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ദീര്‍ഘദൂര വിമാനക്കമ്പനികളിലൊന്നായ എമിറേറ്റ്‌സില്‍ നിന്ന്‌ പുറത്താക്കപ്പെട്ട പൈലറ്റുമാരുടെ എണ്ണം ഇതോടെ 792 ആയി.

വ്യോമയാന രംഗത്തെത്തന്നെ ഏറ്റവും വലിയ പിരിച്ചുവിടലുകളിലൊന്നാണ് എമിറേറ്റ്സിൽ നടന്നിരിക്കുന്നത്. നേരത്തെ മെയ് 31ന് 180 പൈലറ്റുമാരെ എമിറേറ്റ്‌സ് പുറത്താക്കിയിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിനായി സാദ്ധ്യമായ എല്ലാ സാഹചര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നും നിര്‍ഭാഗ്യവശാല്‍, ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ച ചില ആളുകളോട് വിടപറയണം എന്ന നിഗമനത്തിലാണെത്തിയതെന്നും വക്താക്കളിലൊരാള്‍ പറഞ്ഞു. തൊഴിലാളികളെ സംരക്ഷിക്കാന്‍ സാദ്ധ്യമായതെല്ലാം ചെയ്തുവെന്നും എമിറേറ്റ്സ് അധികൃതർ അറിയിച്ചു.