ഒമാൻ: കൊവിഡ് പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒമാനിലെ വിനോദസഞ്ചാര മേഖലകൾ അടച്ചിടാൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. വേനൽക്കാല ടൂറിസം സീസണിൽ ആഭ്യന്തര വിനോദസഞ്ചാരികൾ എത്താനുള്ള സാദ്ധ്യത തടയുന്നതിനാണ് അടച്ചിടുന്നത്.
ദോഫാർ ഗവർണറേറ്റിനു പുറമെ മസീറ വിലായത്തും ജബൽ അഖ്ദർ, ജബൽഷംസ് മേഖലകളുമാണ് അടച്ചിടുക. ജൂൺ 13 ന് ഉച്ചക്ക് 12 മുതൽ ജൂലായ് മൂന്ന് വരെ ഈ പ്രദേശങ്ങളിലെ എല്ലാവിധ ടൂറിസം പ്രവർത്തനങ്ങളും ഒത്തുചേരലുകളും നിരോധിച്ചു. ഓരോ പ്രദേശങ്ങളിലെയും രോഗപ്പകർച്ചയുടെ തോത് വിലയിരുത്തിയാകും സാഹചര്യങ്ങൾ അവലോകനം ചെയ്യുകയെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.