jayamohan-thapi

തിരുവനന്തപുരം: മുൻ രഞ്ജിട്രോഫി ക്രിക്കറ്റ് താരം ജയമോഹൻ തമ്പിയുടെ (64) കൊലപാതകത്തിൽ കുറ്റം സമ്മതിച്ച മകൻ അശ്വിൻ. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് സുഹൃത്തിനും അച്ഛനുമൊപ്പം മദ്യപിക്കുന്നതിനിടെ എ.ടി.എം കാർഡിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അശ്വിൻ വെളിപ്പെടുത്തി.

എസ്.ബി.ഐയിൽ നിന്ന് മാനേജരായി വിരമിച്ച ജയമോഹൻ തമ്പിയുടെ എ.ടി.എം കാർഡ് അശ്വിനാണ് കൈകാര്യം ചെയ്തിരുന്നത്. ശനിയാഴ്ച ജയമോഹൻ തമ്പിയ്ക്ക് മദ്യപിക്കണമെന്ന് തോന്നിയപ്പോൾ ബെവ്കോ ആപ്പ് മുഖാന്തിരം മദ്യം ബുക്ക് ചെയ്യുകയും, അയൽവാസിയും അശ്വന്റെ സുഹൃത്തുമായ യുവാവിന്റെ സഹായത്തോടെ വാങ്ങുകയും ചെയ്തു. മദ്യം കൊണ്ടുവന്നയുടൻ സുഹൃത്തിനൊപ്പം അശ്വിനും ജയമോഹൻ തമ്പിയും അശ്വിന്റെ മുറിയിലിരുന്ന് മദ്യപാനം തുടങ്ങി.

അരമണിക്കൂർ‌ പിന്നിട്ടപ്പോഴേക്കും ജയമോഹൻ തമ്പി അശ്വിന്റ മദ്യപാനത്തെയും ധൂർത്തിനെയും വിമ‌ർശിച്ച് സംസാരിക്കാൻ തുടങ്ങി. മകന്റെ പോക്കും കൂട്ടുകെട്ടും ശരിയായ രീതിയിലല്ലെന്നും, മരുമകൾ സ്വന്തം വീട്ടിലേക്ക് പോയതിന് അശ്വിനാണ് ഉത്തരവാദിയെന്നും മറ്റും പറഞ്ഞ് കുറ്റപ്പെടുത്തി. തന്റെ പെൻഷനും സമ്പാദ്യവും പാഴ്ചെലവാക്കുന്നതിനെയും ജയമോഹൻ തമ്പി ചോദ്യം ചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്ന അശ്വിൻ ജയമോഹൻ തമ്പിയെ അസഭ്യം പറയുകയും, തന്നെ കുറ്റപ്പെടുത്തുന്നത് വിലക്കുകയും ചെയ്തു.

മകന്റെ സംസാരത്തിലും പെരുമാറ്റത്തിലും അസ്വസ്ഥനായ ജയമോഹൻ തമ്പി തന്റെ എ.ടി.എം കാർഡ് തിരികെ നൽകാൻ ആവശ്യപ്പെട്ടു. മദ്യലഹരിയിലായിരുന്ന അശ്വിൻ കാ‌ർഡ് കൊടുക്കാൻ തയ്യാറല്ലെന്ന് അറിയിച്ചു. അശ്വിന്റെ പക്കലുള്ള കാർഡ് ബലംപ്രയോഗിച്ച് കൈക്കലാക്കാനുള്ള ശ്രമം ഇരുവരും തമ്മിൽ കയ്യാങ്കളിയ്ക്ക് ഇടയാക്കി. ഇതിനിടെ മുഷ്ടി ചുരുട്ടി അശ്വിൻ അച്ഛന്റെ മുഖത്ത് ആഞ്ഞിടിച്ചു. അപ്രതീക്ഷിതമായുള്ള മകന്റെ പ്രഹരമേറ്റ് ജയമോഹൻ തമ്പി മുറിയ്ക്കുള്ളിൽ മലർന്നടിച്ച് വീണു. ഭിത്തിയിലും തറയിലും ശക്തമായി തലയടിച്ച് വീണ ജയമോഹൻ തമ്പി അവിടെ നിന്ന് എഴുന്നേറ്റെങ്കിലും ഇടിയുടെ ആഘാതത്തിൽ നിവർന്ന് നിൽക്കാനാകാതെ കമിഴ്ന്നടിച്ച് മുറിയിൽ വീണ്ടും വീണു.

മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്നൊഴുകി അബോധാവസ്ഥയിലായ ജയമോഹൻ തമ്പിയെ അശ്വിൻ ഹാളിലേക്ക് മാറ്റി. അശ്വിനും സുഹൃത്തും ചേർന്നാണ് ഹാളിലേക്ക് മാറ്റിയതെന്ന് പൊലീസിന് സംശയമുണ്ടെങ്കിലും വാക്കേറ്റത്തിന് മുമ്പേ താൻ അവിടെ നിന്ന് പോയതായാണ് പിടിയിലായ സുഹൃത്ത് പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.എന്നാൽ, ഇത് പൂർണമായി വിശ്വസിക്കാൻ പൊലീസ് കൂട്ടാക്കിയിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനൊപ്പം, ഇയാൾ വീട്ടിലേക്ക് വരുന്നതും തിരികെ പോകുന്നതുമായ ദൃശ്യങ്ങൾ സമീപത്തെ സിസി ടിവി ക്യാമറകളിലുണ്ടോയെന്ന് പരിശോധിക്കാനുളള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

എന്നാൽ ജയമോഹൻ തമ്പിക്ക് പരിക്കേറ്റ സംഭവത്തെപ്പറ്റി അയൽക്കാരെയോ പൊലീസിനെയോ യഥാസമയം അറിയിക്കാതിരുന്നതും, മദ്യം വാങ്ങി നൽകിയതുൾപ്പെടെ കുറ്റവാളിയെ സഹായിച്ചതിനും ഇയാളും കേസിലുൾപ്പെടുമെന്നാണ് സൂചന. ജയമോഹൻ തമ്പിയെ ഹാളിലേക്ക് മാറ്റുകയും സുഹൃത്ത് മടങ്ങുകയും ചെയ്തശേഷം സ്വന്തം മുറിയിൽ പ്രവേശിച്ച അശ്വിൻ കുപ്പിയിൽ അവശേഷിച്ച മദ്യം കൂടി കഴിച്ച് ബോധരഹിതനായി ഉറങ്ങി.

ശനിയാഴ്ച അർ‌ദ്ധരാത്രിയ്ക്ക് ശേഷം ഉറക്കമുണർന്നപ്പോൾ ജയമോഹൻ തമ്പി ഹാളിൽ കിടക്കുന്നത് കണ്ടെങ്കിലും പകൽ നടന്ന സംഭവങ്ങളൊന്നും തനിക്ക് ഓർമ്മയില്ലായിരുന്നുവെന്നാണ് അശ്വിൻ പറയുന്നത്. അടുത്തദിവസം രാവിലെ ഉറക്കമുണർന്ന് നോക്കുമ്പോഴാണ് ജയമോഹൻ തമ്പിയ്ക്ക് അനക്കമില്ലെന്ന് ബോദ്ധ്യപ്പെട്ടത്. ശ്വാസം നിലച്ച് ശരീരം തണുത്ത് മരവിച്ചനിലയിലാണെന്ന് തിരിച്ചറിഞ്ഞതോടെ കുറ്റബോധം തോന്നിയെന്നും ഭയം മൂലം സംഭവം മറ്റാരെയും അറിയിച്ചില്ലെന്നും ഇയാൾ വെളിപ്പെടുത്തി.

ബെവ്കോ ആപ്പ് മുഖാന്തിരം വീണ്ടും മദ്യം ബുക്ക് ചെയ്ത അശ്വിൻ പുറത്ത് പോയി വീണ്ടും മദ്യക്കുപ്പികളുമായി വീട്ടിൽ മടങ്ങിയെത്തി. ജയമോഹന്റെ മൃതദേഹം എന്തുചെയ്യുമെന്ന് അറിയാത്ത വിഷമത്തിൽ ബോധം മറയും വരെ മദ്യപിച്ചതായും, മദ്യലഹരിവിട്ട് തിങ്കളാഴ്ച ഉണർന്നപ്പോഴേക്കും വീട്ടിനുളളിൽ നിന്ന് ദുർഗന്ധം വമിച്ച് തുടങ്ങിയതായും ഇയാൾ വെളിപ്പെടുത്തി. തിങ്കളാഴ്ച വീട്ടിൽ മാലിന്യം ശേഖരിക്കാൻ എത്തിയ കുടുംബശ്രീ പ്രവർത്തകരാണ് ദു‌ർഗന്ധം വമിക്കുന്ന വിവരം മുകൾ നിലയിൽ വാടകയ്ക്ക് താമസിക്കുന്നവരെ അറിയിച്ചത്. അവർ നടത്തിയ തെരച്ചിലിലാണ് ജയമോഹൻ തമ്പിയുടെ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് പൊലീസെത്തി മദ്യലഹരിയിലായിരുന്ന അശ്വിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോസ്റ്റുമോ‌ർട്ടം റിപ്പോർട്ട് ലഭിച്ചതിനൊപ്പം ചോദ്യം ചെയ്യലിൽ അശ്വിൻ കുറ്റം സമ്മതിക്കുകയും കൂടി ചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്.

കുവൈറ്റിൽ ഷെഫായിരുന്നു അശ്വിൻ. ജോലി മതിയാക്കി നാട്ടിൽ എത്തിയ ശേഷം അച്ഛനൊപ്പമായിരുന്നു താമസം.ഇരുവരും തമ്മിൽ തർക്കങ്ങളും ബഹളവും പതിവായിരുന്നു.

അശ്വിന്റെ ഭാര്യ അഞ്ചു‌മാസം മുമ്പ്‌ സ്വന്തം നാട്ടിലേക്ക്‌ പോയി. ഇതോടെ അശ്വിനും അച്ഛനും മാത്രമായി . അശ്വിന്റെ മുറിയിൽനിന്ന്‌ നിരവധി മദ്യക്കുപ്പികൾ പൊലീസ്‌ കണ്ടെടുത്തു. രഞ്‌ജി ട്രോഫിയിൽ ആറ്‌ മത്സരങ്ങളാണ്‌ ജയമോഹൻ കേരളത്തിനായി കളിച്ചത്‌. രണ്ട്‌ വർഷം മുമ്പാണ്‌ ഇദ്ദേഹത്തിന്റെ ഭാര്യ അനിത മരിച്ചത്‌.