ദുബായ്: യു.എ.ഇയിൽ കൊടുംചൂടും കനത്ത കാറ്റും വീശാൻ തുടങ്ങിയതോടെ ജനജീവിതം ദുസഹമായി. കൊവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇത് മറ്റൊരു ഭീഷണിയാണ്. ചൂട് കൂടുന്നത് കൊവിഡിനെ തടയിടാനാകുമെന്ന് കരുതുന്നുണ്ടെങ്കിലും കടുത്ത ചൂട് താങ്ങാനാവാത്ത സ്ഥിതിയാണ്. ചൂട് എല്ലാ കാലത്തും ഉള്ളതാണെങ്കിലും ഇക്കുറി ചൂട് കടുക്കുമെന്നാണ് വിലയിരുത്തൽ.
വരും ദിവസങ്ങളിൽ ചിലമേഖലകളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അന്തരീക്ഷ ഈർപ്പം കൂടും. പുലർച്ചെ മൂടൽ മഞ്ഞിനു സാദ്ധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.
ഇന്നും നാളെയും തീരദേശ മേഖലകളിൽ കാറ്റ് ശക്തമാകും. മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാം. ചിലയിടങ്ങളിൽ പൊടിക്കാറ്റിനും സാദ്ധ്യതയുണ്ട്. ദൂരക്കാഴ്ച കുറയും. ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലും വടക്കൻ എമിറേറ്റുകളുടെ ചില മേഖലകളിലും നേരിയ തോതിൽ മഴ പെയ്യാനും സാദ്ധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.