ഭോപ്പാല്‍: മദ്ധ്യപ്രദേശിൽ കമല്‍നാഥ് നേതൃത്വം നൽകിയ കോൺഗ്രസ് സര്‍ക്കാരിനെ ബി.ജെ.പി കേന്ദ്രനേതൃത്വമാണ് അട്ടിമറിച്ചതെന്ന് പറയുന്ന ഓഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിക്കുന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റേതെന്ന പേരിലാണ് ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നത്.
കഴിഞ്ഞ ദിവസം ശിവരാജ് സിംഗ് ചൗഹാന്‍ ഇന്ദോറിലെ സന്‍വേര്‍ നിയമസഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെ വച്ച് പാര്‍ട്ടി നേതാക്കളുമായി സംസാരിച്ച ഓഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. കേന്ദ്രനേതൃത്വമാണ് മദ്ധ്യപ്രദേശിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തീരുമാനമെടുത്തതെന്നും അങ്ങനെ സംഭവിച്ചില്ലെങ്കില്‍ എല്ലാം നശിക്കുമെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നു.
ജ്യോതിരാദിത്യ സിന്ധ്യയേയും തുള്‍സി സിലാവതിനെയും കൂടെക്കൂട്ടാതെ സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധിക്കില്ലായിരുന്നോയെന്ന് ഒരു നേതാവ് ഓഡിയോ ക്ലിപ്പിൽ ചോദിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയല്ലാതെ മറ്റ് വഴികള്‍ ഒന്നുമില്ലായിരുന്നുവെന്നാണ് മറുപടി. 22 എം.എല്‍.എമാരുമായി ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചതോടെയാണ് മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപതിച്ചത്.