ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതർ രണ്ടേമുക്കാല്‍ ലക്ഷം കടന്നു. ആകെ കാവിഡ് രോഗികള്‍ 2,76583 ആയി. ഇന്നലെ മാത്രം 9,985 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 274 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ മരണം 7,745 ആയി. 90,787 പേര്‍ക്കാണ് മഹാരാഷ്ട്രയിൽ രോഗം ബാധിച്ചത്.
മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിൽ അനിയന്ത്രിതമായി രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. മദ്ധ്യപ്രദേശിലും ബംഗാളിലും കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തോട് അടുക്കുകയാണ്. കൊവിഡ് വ്യാപനത്തിൽ ചൈനയിലെ പ്രഭവ കേന്ദ്രമായ വുഹാനെ മുംബയ് മറികടന്നു. ബുധനാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ മുംബയില്‍ 51,100 പേർക്കാണ് ഇതിനകം വൈറസ് ബാധയുണ്ടായത്. നിലവിൽ വുഹാനെക്കാൾ 700 കോവിഡ് കേസുകൾ മുംബയിൽ അധികമാണ്. 3,869 മരണങ്ങളുൾപ്പെടെ 50,333 കൊവിഡ് കേസുകളാണു വുഹാനില്‍ ഇതുവരെ റിപ്പോർട്ട് ചെയ്തത്.
രാജസ്ഥാനിൽ കൊവിഡ് മരണം 250 കടന്നു. രണ്ട് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ റെയിൽവേയിലെ രോഗബാധിതരുടെ എണ്ണം 16 ആയി. ത്രിപുരയിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 42 കാരനാണ് മരിച്ചത്. ഡൽഹിയിലെ രോഗവ്യാപന തോത് കൂടുന്ന പശ്ചാത്തലത്തിൽ പ്രഗതി മൈതാൻ, തൽക്കത്തോറ, ഇന്ദിരഗാന്ധി, ജെ.എൽ.എൻ സ്റ്റേഡിയങ്ങൾ സംസ്ഥാനത്തെ നിരീക്ഷണ കേന്ദ്രങ്ങളാക്കാൻ തീരുമാനിച്ചു. ഡൽഹിയിലെ 22 സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം ബെഡുകൾ കൊവിഡ് രോഗികൾക്കായി നീക്കിവയ്ക്കും. മിസോറാമിൽ ഒരു ദിവസത്തെ ഏറ്റവും കൂടുതൽ കേസുകളും ഇന്നലെയാണ് റിപ്പോർട്ട് ചെയ്തത്.