ഭോപ്പാൽ : മദ്ധ്യപ്രദേശിലെ ഖന്ദ്വ ജില്ലാ കോടതിയിലെ രണ്ട് ജഡ്ജിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് കോടതി അടച്ചു. ജഡ്ജിമാരും കുടുംബാംഗങ്ങളും 86 ജീവനക്കാരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഇവർ താമസിക്കുന്ന കോളനി കൊവിഡ് കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.
ജൂൺ എഴിനാണ് ജഡ്ജിക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ ഭോപ്പാലിൽ ചികിത്സയിലാണ്. രണ്ടാമത്തെ ജഡ്ജിക്ക് കൊവിഡ് സ്ഥിരീകരിച്ചത് തിങ്കളാഴ്ചയാണ്. മഹാരാഷ്ട്രയിൽ നിന്നും ഖന്ദ്വ വഴി ഉത്തർപ്രദേശിലേക്കും ബീഹാറിലേക്കും തിരിച്ചു പോയ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തവരുടെ കൂട്ടത്തിൽ ഇദ്ദേഹം ഉൾപ്പെട്ടിരുന്നു. സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.