ഗിറ്റേഗാ: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയുടെ രാഷ്ട്രപതി പിയേറ നൂറുൻസിസ (55)അന്തരിച്ചു. ശാരീരികമായ അസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രോഗം മൂർച്ഛിക്കുകയും, അന്ത്യം സംഭവിക്കുകയുമായിരുന്നു. ബുറുണ്ടിയുടെ പ്രസിഡന്റ് എന്ന നിലയിൽ 2005 മുതൽ നൂറുൻസിസയാണ് രാജ്യം ഭരിക്കുന്നത്.
ഭരണചുമതലയിൽ നിന്നും മാറാൻ ഈ വർഷം തയ്യാറായി നിൽക്കുകയായിരുന്നു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നതിനിടെയാണ് ശാരീരിക പ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2005ൽ നൂറുൻസിസ അധികാരത്തിലേത്തുമ്പോൾ കനത്ത ആഭ്യന്തരകലാപങ്ങളാൽ ബുറുണ്ടി തകർന്ന അവസ്ഥയിലായിരുന്നു. മൂന്ന് ലക്ഷം പേർ പത്തു വർഷത്തിനിടെ കൊല്ലപ്പെട്ടിരുന്നു.
40ാം വയസിൽ രാജ്യത്തിലെത്തിയ നൂറുൻസിസ വളരെ വേഗം ജനസമ്മതി പിടിച്ചുപറ്റി. 2006-11 കാലഘട്ടത്തിൽ നൂറുൻസിസ രാജ്യത്തിന് മികച്ച സാമ്പത്തിക ഭദ്രത ഉറപ്പാക്കി. മികച്ചൊരു ഫുട്‌ബോൾ താരമായിരുന്ന അദ്ദേഹം യുവാക്കളെ കായികരംഗത്ത് പ്രോത്സാഹിപ്പിച്ചും ശ്രദ്ധനേടി. ഏഴു തവണ അന്താരാഷ്ട്ര തലത്തിൽ സമാധാന ശ്രമങ്ങൾക്കുള്ള ബഹുമതി ലഭിച്ചിട്ടുണ്ട്.