uthra

കൊല്ലം: ഉത്ര വധക്കേസിൽ മുഖ്യപ്രതിയായ അടൂർ പറക്കോട് ശ്രീസൂര്യയിൽ സൂരജ് (27), രണ്ടാംപ്രതി ചാവരുകാവ് സുരേഷ് എന്നിവരെ ഫോറസ്റ്റ് ഉദ്യോഗസ്ഥ‌ർ ജയിലിലെത്തി അറസ്റ്റ് ചെയ്തു. അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ.ജയൻ ഇന്നലെ വൈകിട്ട് ആറിന് കൊട്ടാരക്കര സബ് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏഴ് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കൊവിഡ് ടെസ്റ്റ് നടത്തിയശേഷം രണ്ടുദിവസത്തിനകം പ്രതികളെ വനപാലകർക്ക് കൈമാറും. പ്രതികൾക്കെതിരെ 1972-ലെ വന്യജീവി നിയമം ഒമ്പത്, 39 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അനധികൃതമായി പാമ്പിനെ പിടിക്കൽ, കൈവശംവയ്ക്കൽ, വിൽപ്പന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.ഏഴുവർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

ഇതുകൂടാതെ അഞ്ചൽ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ സുരേഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന മൂർഖൻ പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതിനും ഇതേ വകുപ്പുകൾ ചുമത്തി സുരേഷിനെതിരെ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽവാങ്ങി വിശദമായ തെളിവെടുപ്പ് നടത്തും.

ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജും, പിതാവ് സുരേന്ദ്രപ്പണിക്കരും, സുരേഷും, ഉത്രയുടെ വീട്ടുകാരും നൽകിയ മൊഴികൾ വ്യക്തമായി പഠിച്ചശേഷം അതിന്റെ അടിസ്ഥാനത്തിൽ കൊലപാതകവുമായി ബന്ധപ്പെട്ട കണ്ണികളെ കൂട്ടിയിണക്കത്തക്ക വിധത്തിലാകും ഫോറസ്റ്റ് ഉദ്യോഗസ്ഥ‌ർ ഇവരെ ചോദ്യം ചെയ്യുക. കൊലപ്പെടുത്താനായി പാമ്പിനെ ഉപയോഗിച്ച വിധവും ,പാമ്പ് കടിയേറ്റ് ഉത്രയുടെ ശരീരത്തുണ്ടായ മുറിവുകളുമെല്ലാം ഡോക്ടർ‌മാരുടെ മൊഴികളുടെയും നൽകിയ ചികിത്സകളുടെയും അടിസ്ഥാനത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിലയിരുത്തും.

ഉത്രയുടെ ശരീരത്തിനേറ്റ പാമ്പുകടിയുടെ അടയാളങ്ങൾ നടന്നുപോകുന്ന ഒരാളെ സ്വാഭാവികമായി പാമ്പ് കടിക്കുമ്പോഴുണ്ടാകുന്ന വിധത്തിലല്ല. മുറിവുകളുടെ ആകൃതി, ആഴം എന്നിവ ഡോക്ടർമാരുടെയും പാമ്പ് പിടിത്തത്തിൽ വിദഗ്ദരായവരുടെയും സഹായത്തോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിശകലനം ചെയ്യും.

ഉത്ര വധക്കേസിൽ തൊണ്ടികളായി പൊലീസ് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധനകൾ ഇന്ന് തുടങ്ങും. പ്രതികളുടെയും സാക്ഷികളുടെയും മൊബൈൽ ഫോണുകൾ, ലാപ്പ്ടോപ്പുകൾ തുടങ്ങിയവ പരിശോധിക്കും.സൂരജ്, സുരേഷ് എന്നിവർക്കൊപ്പം ഇവരുടെ അടുത്ത ബന്ധുക്കളുടെയും ഫോണുകളും ലാപ്ടോപ്പുകളും പരിശോധിക്കും. ഇവർ അയച്ചിട്ടുള്ള മെസേജുകൾ, ഫോൺവിളികൾ എന്നിവയെല്ലാം വിശദമായി വിലയിരുത്തും.

ഗൂഢാലോചന സംബന്ധിച്ച തെളിവുകൾ ഇതിലൂടെ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഉത്രയെ കടിച്ചത് ഭർത്താവ് സൂരജ് കൊണ്ടുവന്ന പാമ്പ് തന്നെയാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കേസിലെ പ്രധാന തെളിവാണിത്. കേസ് അന്വേഷണം വേഗത്തിലാക്കാൻ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പ്രവർത്തനം തുടങ്ങി. കുറ്റാന്വേഷണ വിദഗ്ദ്ധരായ മറ്റ് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാനാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നൽകിയിരിക്കുന്ന നിർദേശം.