തിരുവനന്തപുരം: മുന്‍ രഞ്ജി താരം ജയമോഹന്‍ തമ്പി കൊല്ലപ്പെട്ടത് ശനിയാഴ്ച രാത്രിയോടെന്ന് വ്യക്തമാക്കി പൊലീസ്. സംഭവത്തില്‍ അറസ്റ്റ് ചെയ്ത മകന്‍ അശ്വിനെയും കസ്റ്റഡിയിലുള്ള ഇയാളുടെ സുഹൃത്ത് സതിയെയും ചോദ്യംചെയ്ത് വരികയാണെന്നും തിരുവനന്തപുരം ഫോര്‍ട്ട് സി.ഐ. ബിജു മാദ്ധ്യമങ്ങളോട് പറഞ്ഞു. പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
എ.ടി.എം കാർഡിൽ നിന്ന് ധാരാളം പണം ചെലവഴിക്കുന്നതിനെച്ചൊല്ലി അച്ഛനും മകനും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് വിവരം. വീട്ടിലെ മാലിന്യം ശേഖരിക്കാനെത്തിയ കുടുംബശ്രീ പ്രവര്‍ത്തകരും വീട്ടിലെ മുകള്‍നിലയിലെ താമസക്കാരുമാണ് ജയമോഹന്‍ തമ്പിയെ തിങ്കളാഴ്ച വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ജയമോഹന്‍ തമ്പിയെ കണ്ടിരുന്നതായി കുടുംബശ്രീ പ്രവര്‍ത്തക പറയുന്നു. എന്നാല്‍ തിങ്കളാഴ്ച മാലിന്യം ശേഖരിക്കാനെത്തിയപ്പോള്‍ വീട്ടില്‍നിന്ന് ആരുടെയും പ്രതികരണമുണ്ടായില്ല. മാത്രമല്ല, വീട്ടില്‍നിന്ന് ദുര്‍ഗന്ധവും വമിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തക മുകള്‍നിലയിലെ താമസക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് ജനല്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ജയമോഹനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിനുപുറമേ നെറ്റിയിലും മൂക്കിലും മുറിവുകളുണ്ടായിരുന്നു. അച്ഛനെ കൊലപ്പെടുത്തിയെന്ന് അറസ്റ്റിലായ മകന്‍ അശ്വിന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സംഭവദിവസം അമിത മദ്യലഹരിയായതിനാല്‍ പലതും ഓര്‍മ്മയില്ലെന്നാണ് അശ്വിന്‍ പറയുന്നത്.
കസ്റ്റഡിയിലുള്ള സുഹൃത്ത് സംഭവത്തില്‍ ദൃക്‌സാക്ഷിയല്ലെന്നാണ് നിഗമനം. ചില അയല്‍വാസികളും സുഹൃത്തുക്കളും ജയമോഹന്‍ തമ്പിയുടെ വീട്ടില്‍ വന്നുപോകാറുണ്ടെന്നും സി.ഐ. വിശദീകരിച്ചു.
ശനിയാഴ്ചയും ഞായറാഴ്ചയും മുഴുവൻ അശ്വിൻ ജയമോഹൻതമ്പിയുടെ മൃതദേഹത്തിനൊപ്പമിരുന്നു. നാട്ടുകാർക്ക് ദുർഗന്ധം മണത്തിട്ടും അശ്വിന് ദുർഗന്ധം തിരിച്ചറിയാൻ സാധിച്ചില്ല. ഇക്കാര്യം അശ്വിൻ തന്നെ പൊലീസിനോട് വ്യക്തമാക്കി.
അതിനിടെ, ജയമോഹന്‍ തമ്പിയുടെ വീട്ടില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി തര്‍ക്കങ്ങള്‍ പതിവാണെന്നാണ് വീട്ടിലെ ജോലിക്കാരിയുടെ പ്രതികരണം. കുവൈറ്റിലെ ജോലി മതിയാക്കി തിരിച്ചെത്തിയ അശ്വിനാണ് ജയമോഹന്‍ തമ്പിയുടെ ക്രെഡിറ്റ് കാര്‍ഡുകളും എ.ടി.എം കാര്‍ഡുകളും ഉപയോഗിച്ചിരുന്നത്.