ന്യൂഡൽഹി: കൊവിഡ് ഡൽഹിയെ പിടി മുറുക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ മുഖ്യമന്ത്രി കെജ്‌രിവാൾ അന്തം വിട്ടിരിക്കുകയാണ്. പനി ബാധിച്ച കെജ്‌രിവാളും കൊവിഡ് പരിശോധനയ്ക്ക് വിധേയനായി. ദിവസവും ആയിരത്തോളം പേർക്കാണ് കൊവിഡ് ബാധിക്കുന്നത്.
50 ശതമാനം കൊവിഡ് രോഗികളുടെയും ഉറവിടം വ്യക്തമല്ലാത്തതിനാൽ സ്ഥിതി ഗുരുതരമാണ്. ഡൽഹിയിൽ രോഗ ബാധിതർ 30,000 ലേക്കും മരണം 1000ത്തിലേക്കും അടുക്കുകയാണ്. ജൂലായ് അവസാനത്തോടെ രോഗികൾ അഞ്ചര ലക്ഷമാകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.
ഈ മാസം അവസാനിക്കുമ്പോൾ രോഗികൾ ഒരു ലക്ഷവും, ജൂലായ് 31 ആകുമ്പോൾ 5.5 ലക്ഷവും ആകുമെന്നാണാണ് സർക്കാർ കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ കൊവിഡ് ചികിത്സക്കായി 80,000 കിടക്കകൾ വേണ്ടിവരുമെന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറയുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചത് 3700 കേസുകൾ മാത്രം. പ്രതിദിനം ആയിരത്തിലധികം കേസുകളും പത്തിലധികം മരണവുമാണ് ഉണ്ടായിക്കാെണ്ടിരിക്കുന്നത്.
മൂന്ന് ദിവസം അയ്യായിരത്തിന് മുകളിലും മേയ് 28, 29 തീയതികളിൽ 7600ന് മുകളിലും സാമ്പിളുകൾ പരിശോധിച്ചിരുന്നു. . ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് ഇടയിലെ രോഗബാധ ചികിത്സാരംഗത്തെ ബാധിച്ചിട്ടുണ്ട്.