jayamohan-murder-case-

തിരുവനന്തപുരം: കൊല്ലപ്പെട്ട രഞ്ജിട്രോഫി ക്രിക്കറ്റ് താരം ജയമോഹൻ തമ്പിയും മൂത്തമകൻ അശ്വിനും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് വീട്ടുവേലക്കാരിയായ അനിതയുടെ വെളിപ്പെടുത്തൽ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒന്നരവർഷമായി അച്ഛനും മകനും തമ്മിൽ തർക്കം പതിവാണ്.

ഇരുവരും മദ്യപിച്ച് പരസ്പരം അടികൂടാറുണ്ട്.ആഴ്ചയിൽ ഒരു ദിവസമാണ് വീട് വൃത്തിയാക്കാൻ പോകാറുള്ളത്. വെള്ളിയാഴ്ചയാണ് അവസാനമായി ജോലിക്ക് പോയത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ജയമോഹൻ തമ്പിയെ കണ്ടിരുന്നു. വാഹനത്തിന്റെ താക്കോലിനും എ.ടി.എം കാർഡിനുമൊക്കെയാണ് വഴക്കിടാറുള്ളത്. വീട്ടിലെ മുറിക്ക് വേണ്ടിയും തർക്കങ്ങളുണ്ടാകാറുള്ള ഇവിടെ ചിലപ്പോൾ അച്ഛൻ മകനെയും മകൻ അച്ഛനെയും മുറിയിൽ പൂട്ടിയിടാറുണ്ടെന്നും അനിത വെളിപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് അനിതയുടെ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. സംഭവദിവസവും അല്ലാത്തപ്പോഴും ജയമോഹൻ തമ്പിയുടെ വീട്ടിൽ വന്നുപോകാറുണ്ടായിരുന്ന മറ്റുള്ളവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊഴികൾ രേഖപ്പെടുത്താനും ആവശ്യമുള്ളവരെ കേസിൽ സാക്ഷിയാക്കാനുമാണിത്. ജയമോഹൻ തമ്പിയുടെ ഇളയ മകൻ, മരുമക്കൾ, അടുത്ത ബന്ധുക്കൾ എന്നിവരെയും പൊലീസ് വിവരങ്ങൾ ശേഖരിക്കാനായി വിളിച്ചുവരുത്തും. ജയമോഹൻ തമ്പിയുടെ ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും സംബന്ധിച്ച അന്വേഷണവും നടന്നുവരികയാണ്.