biju-prabhakar

തിരുവനന്തപുരം: ബിജു പ്രഭാകറിനെ കെ.എസ്.ആർ.ടി.സി എം.ഡിയാക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറിയായ ബിജു പ്രഭാകറിന് കെ.എസ്.ആർ.ടി.സിയുടെ അധിക ചുമതലയായിരിക്കും നൽകുക.

കെ.എസ്.ആർ.ടി.സി ചെയർമാനായി ജ്യോതിലാൽ ഐ.എ.എസ് ചുമതലയേൽക്കും. സ്ഥാനമൊഴിയുന്ന കെ.എസ്.ആർ.ടി.സി എം.ഡി എം.പി ദിനേശിന് പകരക്കാരനായാണ് ബിജു പ്രഭാകറിനെ നിയമിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ എം.ഡി സ്ഥാനമൊഴിയുകയാണെന്ന് നേരത്തെ എം.പി ദിനേശ് സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു.

ടോമിൻ ജെ തച്ചങ്കരി കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനം ഒഴിഞ്ഞ സമയത്തും ബിജു പ്രഭാകറിന്റെ പേര് ആ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നു. കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി യൂണിയനുകളും ബിജു പ്രഭാകറിന്റെ പേരിനോട് യോജിച്ചു എന്നാണ് വിവരം. കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞ ഫയർ ഫോഴ്സ് മേധാവി എ. ഹേമചന്ദ്രന്റെ പേരും തൊഴിലാളി യൂണിയനുകൾ സർക്കാരിന് മുന്നിൽ വച്ചിരുന്നു. എം. രാജമാണിക്യമാണ് ബിജു പ്രഭാകറിന് മുന്നേ കെ.എസ്.ആർ.ടി.സി തലപ്പത്തുണ്ടായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ.

തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽ പദ്ധതിയുടെ അലൈൻമെന്‍റ് മാറ്റത്തിനും മന്ത്രിസഭ അംഗീകാരം നൽകി. തുടർനടപടികൾ സ്വീകരിക്കാനും മന്ത്രിസഭ തീരുമാനമെടുത്തു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹ വ്യാപനം ഒഴിവാക്കാൻ നിലവിലുള്ള കർശന നിയന്ത്രണങ്ങൾ തുടരാനും മന്ത്രിസഭായോഗം തീരുമാനമെടുത്തു. നിലവിലെ ഇളവുകൾ പിൻവലിക്കാതെ തന്നെ നിയന്ത്രണം കർശനമായി നടപ്പാക്കാനാണ് തീരുമാനം.