കൊച്ചി: പ്രളയഫണ്ട് തട്ടിപ്പുകേസിലെ മുഖ്യപ്രതി വിഷ്ണുപ്രസാദിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ജില്ലാകളക്ടറുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ ശുപാർശ. റിപ്പോർട്ട് ഇന്ന് ജോയിന്റ ലാൻഡ് കമ്മീഷണർക്ക് കൈമാറും. പ്രതിക്ക് ഒന്നരക്കോടിയുടെ സ്വത്തുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിഷ്ണുപ്രസാദ് നടത്തിയത് ഗുരുതര ക്രമക്കേടാണെന്നും ഫണ്ട് തട്ടിപ്പ് കൈക്കാര്യം ചെയ്തതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനും പരിശോധനയ്ക്കുമായി റവന്യൂ അന്വേഷണസംഘം ഇന്ന് എറണാകുളം കലക്ടറേറ്റിലെത്തി പരിശോധന നടത്തും. തട്ടിപ്പിലെ മൂന്നാം പ്രതി എ.എം.അൻവർ, നാലാം പ്രതി കൗലത്ത് അൻവർ എന്നിവരോട് അടുത്ത പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശം നൽകി. അന്നേ ദിവസം തന്നെ ഇരുവരേയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചു.